ഡൽഹിയിലെ വായു മലിനീകരണം; കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം


ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലുണ്ടായ വായു മലിനീകരണത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ എന്ത് പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. വായു നിലവാരം മെച്ചപ്പെടുത്താൻ തിങ്കളാഴ്ച അടിയന്തര പദ്ധതി അവിഷ്കരിക്കാനും കേന്ദ്രത്തോട് സുപ്രീംകോടതി നിർദേശിച്ചു. ഡൽഹിയിലെ സ്ഥിതി നിങ്ങൾ കാണുന്നില്ല. ഞങ്ങൾ വീടുകളിൽപോലും മാസ്ക് ധരിക്കുകയാണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. അടിയന്തര നടപടികൾ എങ്ങനെയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഞങ്ങളോട് പറയു. രണ്ട് ദിവസത്തെ ലോക്ക്ഡൗണ്‍ ആണോ ഉദേശിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. വായുനിലവാരം മെച്ചപ്പെട്ടുത്താൻ എന്താണ് പദ്ധതി. കർഷകർ വൈക്കോൽ കത്തിക്കുന്നതുകൊണ്ടാണ് വായുമലിനീകരണം കൂടിയിരിക്കുന്നതെന്ന് കേന്ദ്രസർക്കാർ വാദിച്ചു. ഇത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിന്‍റെ ഈ വാദത്തെയും കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

എന്തിനാണ് വായു മലിനീകരണം കർഷകർ മൂലമാണെന്ന് പറയുന്നത്. ഇത് മലിനീകരണത്തിന്‍റെ ഒരു നിശ്ചിത ശതമാനം മാത്രമാണ്. ബാക്കിയുള്ളവയുടെ കാര്യമോ എന്നും കോടതി ചോദിച്ചു. ഡൽഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാൻ നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും കോടതി ആവർത്തിച്ചു. ഏത് സർക്കാർ ആയാലും കുഴപ്പമില്ല. നിങ്ങളുടെ പദ്ധതി എന്താണെന്ന് ഞങ്ങളോട് പറയുവെന്നും കോടതി ആവർത്തിച്ചു.

You might also like

  • Straight Forward

Most Viewed