ആര്യൻ ഖാൻ ജയിൽ‍മോചിതനായി


മുംബൈ: ആഡംബര കപ്പൽ‍ ലഹരിമരുന്ന് കേസിൽ‍ അറസ്റ്റിലായ ആര്യൻ ഖാൻ‍ ജയിൽ‍മോചിതനായി. 22 ദിവസത്തെ ജയിൽ‍ വാസത്തിനുശേഷമാണ് ആര്യൻ പുറത്തിറങ്ങുന്നത്. പിതാവ് ഷാരൂഖ് ഖാൻ ആര്യനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു.

വ്യാഴാഴ്ചയാണ് ആഡംബര കപ്പൽ‍ ലഹരിക്കേസിൽ‍ ആര്യൻ ഖാന് ജാമ്യം ലഭിക്കുന്നത്. വിടുതൽ‍ ഉത്തരവ് ജയിലിലെത്താൻ വൈകിയതോടെ ആര്യൻ പുറത്തിറങ്ങാൻ വൈകുകയായിരുന്നു.23 കാരനായ ആര്യൻ ഖാൻ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലിൽ‍ എൻസിബി നടത്തിയ റെയ്ഡിനിടെ കസ്റ്റഡിയിലായത്. തുടർ‍ന്ന് മുംബൈ ആർ‍തർ‍ റോഡിലെ ജയിലിൽ‍ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ‍ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ‍ അഭിഭാഷകർ‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആര്യന് ജാമ്യം നൽ‍കുന്നതിനെ ശക്തമായി എതിർ‍ത്ത എൻ‍സിബി ആര്യന് മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ് ചാറ്റുകൾ‍ ഇതിന് തെളിവാണെന്നുമാണ് കോടതിയിൽ‍ വാദിച്ചിരുന്നു. എന്നാൽ‍, വൻ‍തോതിൽ‍ ലഹരിമരുന്ന് പ്രതികളിൽ‍ നിന്നും കണ്ടെത്തിയിട്ടില്ല. ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല, വാട്സ് ആപ് ചാറ്റുകൾ‍ സംബന്ധിച്ച രേഖകൾ‍ മാത്രമാണ് എൻസിബിയുടെ കയ്യിലുള്ളത്. അർ‍ബാസിൽ‍ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് ജയിൽ‍വാസത്തിന് മതിയാവുന്നതല്ലെന്നും ആര്യൻ‍ ലഹരി ഉപയോഗിച്ചത് തെളിയിക്കാൻ എൻസിബി വൈദ്യപരിശോധന പോലും നടത്തിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദങ്ങൾ‍ അംഗീകരിച്ചുകൊണ്ടാണ് ആര്യൻ ഖാന് ജാമ്യം ലഭിച്ചത്.

ഉപാധികളോടെയാണ് ആര്യൻ ഉൾ‍പ്പെടെയുള്ള മൂന്ന് പേർ‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി ജാമ്യവ്യവസ്ഥയിൽ‍ പറയുന്നു. ഇതേ തുകക്ക് ഒന്നോ അതിലധികമോ ആൾ‍ ജാമ്യം വേണം. അഞ്ച് പേജുകൾ‍ ഉള്ളതാണ് ജാമ്യ ഉത്തരവ്. മുൻകൂർ‍ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. പാസ്പോർ‍ട്ട് കോടതിയിൽ‍ സമർ‍പ്പിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. മുംബൈയ്ക്ക് പുറത്തു പോകേണ്ടി വന്നാൽ‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. മാധ്യമങ്ങളിൽ‍ അനാവശ്യ പ്രസ്താവനകൾ‍ നടത്തരുത്, എന്നിവയാണ് മറ്റ് ജാമ്യ വ്യവസ്ഥകൾ‍. ആര്യൻ ഖാൻ, അർ‍ബാസ് മർ‍ച്ചന്റ്, മുൺ മുൺ ധമേച്ച എന്നിവർ‍ എല്ലാ വെള്ളിയാഴ്ചയും 11 മണിക്ക് എൻസിബി ഓഫിസിൽ‍ ഹാജരാകണമെന്നും കോടതി പറഞ്ഞു. വ്യവസ്ഥകൾ‍ ലംഘിക്കപ്പെട്ടാൽ‍ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് സമീപിക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed