മഹാരാഷ്ട്രയിൽ സ്കൂളുകൾ തുറന്നു

മുംബൈ: കോവിഡ് കാലത്തെ അടച്ചിടലിന് ശേഷം മഹാരാഷ്ട്രയിൽ സ്കൂളുകൾ ഇന്ന് തുറന്നു. എട്ട് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് ഓഫ്ലൈനായി ക്ലാസുകൾ ആരംഭിച്ചത്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം സ്കൂളുകൾ പ്രവർത്തിക്കേണ്ടതെന്ന് മഹാരാഷ്ട്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത മാസത്തോടെ മുഴുവൻ വിദ്യാർത്ഥികളെയും സ്കൂളിൽ എത്തിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
ഇതിനായുള്ള മുന്നൊരുക്കങ്ങൾ സർക്കാർ തുടങ്ങി. മറ്റ് സംസ്ഥാനങ്ങളിലും സ്കൂളുകൾ തുറന്നതോടെയാണ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾ തുടങ്ങാൻ മഹാരാഷ്ട്ര സർക്കാരും തീരുമാനിച്ചത്. നിലവിൽ രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് മഹാരാഷ്ട്ര. രാജ്യത്ത് ഏറ്റവും അധികം ആളുകൾക്ക് കോവിഡ് ബാധിച്ചതും കൂടുതൽ മരണങ്ങൾ സംഭവിച്ചതും മഹാരാഷ്ട്രയിലാണ്.