പ്രിയങ്ക ഗാന്ധി അറസ്റ്റിൽ


ലക്നോ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റിൽ. യുപി പോലീസ് പ്രിയങ്കയെ അറസ്റ്റു ചെയ്തതെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് ഘടകമാണ് അറിയിച്ചത്. നേരത്തെ യുപിയിൽ പ്രിയങ്ക ഗാന്ധി അറസ്റ്റിലായെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി ശ്രീനിവാസും ട്വീറ്റ് ചെയ്തിരുന്നു. പ്രിയങ്കയെ സീതാപൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും കോൺഗ്രസ് അറിയിച്ചു. അതേസമയം പ്രിയങ്കയുടെ അറസ്റ്റ് യുപി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് പുലർച്ചെ പ്രിയങ്ക ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിനിടയിലേക്കു കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി മരിച്ച കർഷകരുടെ കുടുംബത്തെ കാണാൻ ലഖിംപൂരിലെത്തിയെന്നും കോൺഗ്രസ് അറിയിച്ചിരുന്നു. എന്നാൽ ലഖിംപൂരിലെ ഖേരിയിലേയ്ക്ക് പ്രിയങ്കയ്ക്ക് കടക്കാനായില്ലെന്നും കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. 

നേരത്തെ സംഘർ‍ഷ സ്ഥലത്തേയ്ക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ രാത്രി യുപി പോലീസ് ലക്നോവിൽ വച്ച് തടഞ്ഞിരുന്നു. ഇതോടെ കാൽ‍നടയായി യാത്ര തുടരുമെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ നിലപാട്.  തുടർ‍ന്ന് അർ‍ധരാത്രിയോടെ കാൽ‍നടയായി പ്രിയങ്കയും സംഘവും ലഖിംപൂരിലെ ഖേരിയിലേയ്ക്ക് യാത്ര തിരിച്ചു. പിന്നീട് പോലീസ് അനുമതിയോടെ വാഹനത്തിലായിരുന്നു പ്രിയങ്കയുടെ യാത്രയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നാലു കർഷകർ ഉൾപ്പെടെ എട്ടു പേർ അപകടത്തിൽ മരിച്ചുവെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ഓടിച്ച കാറാണു കർഷകർക്കിടയിലേക്കു പാഞ്ഞുകയറിയതെന്ന് സംയുക്ത കിസാൻ മോർച്ച ആരോപിച്ചു. അപകടത്തിനിടയാക്കിയ വാഹനം കർഷകർ കത്തിച്ചു. അപകടത്തിൽ നിരവധി മാധ്യമപ്രവർത്തകർക്കു പരിക്കേറ്റിരുന്നു.

You might also like

Most Viewed