വായു മലിനീകരണം മൺസൂൺ മഴ കുറയുന്നതിന് കാരണമാകുമെന്ന് പഠനം
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം മൺസൂൺ മഴയ്ക്കു പാരയാകുമെന്നു പുതിയ പഠനം. വായു മലിനീകരണം 10 മുതൽ 15 ശതമാനം വരെ മൺസൂൺ മഴ കുറയ്ക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. വായുമലിനീകരണം ഗുരുതരായ ആരോഗ്യ−സാന്പത്തിക പ്രശ്നങ്ങൾക്കു വഴിതെളിക്കുമെന്ന പഠനം കഴിഞ്ഞ ദശകങ്ങളിൽ സജീവമായിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യയിലെ മൺസൂണിനെയും വായുമലിനീകരണം പ്രതികൂലമായി ബാധിക്കുമെന്ന വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തെത്തുടർന്നു രൂപപ്പെടുന്ന ആന്ത്രോപോജെനിക് എയറോസോളു (അന്തരീക്ഷത്തിലെ കൃത്രിമ ജലകണങ്ങൾ) കളാണ് മൺസൂണിനു ഭീഷണിയായി മാറുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ വടക്കോട്ടു വീശുന്ന കാറ്റാണ് മൺസൂൺ സൃഷ്ടിക്കുന്നത്. മൺസൂൺ കാറ്റ് കടന്നുവരുന്നത് നീരാവിയും കൊണ്ടാണ്. നീരാവി കാർമേഘങ്ങളായി കനത്ത മഴയ്ക്ക് ഇട വരുന്നു. എന്നാൽ, അന്തരീക്ഷ മലിനീകരണം കാറ്റിന്‍റെ ഈ യാത്രയെ ദുർബലമാക്കും. ഐഐടി ഡൽഹിയിലെ സെന്‍റർ ഫോർ അറ്റ്മോസ്ഫെറിക് സയൻസിലെ വിദഗ്ദ്ധർ പറയുന്നത് അന്തരീക്ഷ മലിനീകരണം വരും വർഷങ്ങളിൽ രാജ്യത്താകെ തെക്കു−പടിഞ്ഞാറൻ മൺസൂണിൽ 10 മുതൽ 15 ശതമാനം വരെ കുറവുണ്ടാക്കുമെന്നാണ്. ചില പ്രദേശങ്ങളിൽ മഴക്കുറവ് 50 ശതമാനം വരെയാകാമെന്നും പഠനം പറയുന്നു.
കൂടുതൽ മലിനീകരണമുള്ള പ്രദേശങ്ങളിൽ ഈ പ്രതിഭാസം കൂടുതൽ രൂക്ഷമായി കാണപ്പെടുമെന്നാണ് വിലയിരുത്തൽ. കരയിലെയും കടലിലെയും താപവ്യതിയാനം മൂലമാണ് മൺസൂൺ കാറ്റ് സൃഷ്ടിക്കപ്പെടുന്നത്. അന്തരീക്ഷ മലിനീകരണം ഇതിനെ ബാധിക്കും. − അന്തരീക്ഷ മലിനീകരണം മൺസൂണിനെ ബാധിക്കുന്നതു സംബന്ധിച്ചു യൂറോപ്യൻ സാഹചര്യങ്ങൾ വിലയിരുത്തി നേരത്തെ യുഎന്നിന്‍റെ ഇന്‍റർ ഗവർമെന്‍റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് പഠനങ്ങൾ നടത്തിയിരുന്നു.
