ഇന്ത്യൻ വാക്സിൻ അംഗീകരിക്കാത്ത യൂറോപ്യൻ യൂണിയനോട് നിലപാട് കടുപ്പിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത കൊറോണ പ്രതിരോധ വാക്‌സിനുകൾ അംഗീകരിക്കാത്ത യൂറോപ്യൻ യൂണിയൻ നടപടിയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകാനൊരുങ്ങി ഇന്ത്യ. പരസ്പര സഹകരണത്തിന്റെ നയമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നും ഇന്ത്യയിൽ നിർമ്മിക്കുന്ന കൊവിഷീൽഡും കൊവാക്‌സിനും അംഗീകരിക്കണമെന്നും യൂറോപ്യൻ യൂണിയനോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ യൂണിയന്റെ വാക്‌സിൻ പാസ്‌പോർട്ട് നയത്തിൽ കൊവിഷീൽഡും കൊവാക്‌സിനും ഉൾപ്പെട്ടിരുന്നില്ല.
യൂറോപ്യൻ യൂണിയന്റെ ഈ നിലപാട് വാക്‌സിനുകൾ സ്വീകരിച്ച ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി വാക്‌സിനുകൾ അംഗീകരിക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്. ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിൽ യൂറോപ്പിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധ ക്വാറന്റീൻ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവരുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അവരുടേത് ഇന്ത്യയിലും അംഗീകരിക്കില്ല എന്ന സമീപനം ഇന്ത്യ സ്വീകരിച്ചേക്കും. ഇങ്ങനെ വന്നാൽ വാക്‌സിനെടുത്ത ശേഷം യൂറോപ്പിൽ നിന്നെത്തുന്നവരെല്ലാം നിർബന്ധ ക്വാറന്റീൻ പൂർത്തിയാക്കേണ്ടി വരും.

