ഫ്രാൻസിന്റെ പങ്കാളിത്തത്തോടെ ലോകത്തെ ഏറ്റവും വലിയ ആണവ നിലയം നിർമ്മിക്കാനൊരുങ്ങി ഇന്ത്യ; പങ്കാളിയാകാൻ ഫ്രാൻസ്

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ആണവ നിലയം നിർമ്മിക്കാനുള്ള നീക്കങ്ങളുമായി ഇന്ത്യ. ഫ്രാൻസിലെ ഊർജ്ജ നിർമ്മാണ കന്പനിയായ ഇഡിഎഫ് ആണ് പുതിയ ദൗത്യം പ്രഖ്യാപിച്ചത്. പ്രതിപക്ഷ, പ്രാദേശിക എതിർപ്പുകൾ കാരണം വർഷങ്ങളായി മുടങ്ങി കിടന്ന പദ്ധതിയാണ് ഇന്ത്യയിൽ നടപ്പാകാൻ ഒരുങ്ങുന്നത്.
ജയ്പൂരിൽ മൂന്നാം തലമുറയിൽപ്പെട്ട ആറ് ഇപിആർ റിയാക്ടറുകൾ നിർമ്മിക്കുന്നതിനുള്ള എഞ്ചിനീയറിംഗ് പഠനങ്ങളും ഉപകരണങ്ങളും നൽകുന്നതിനുള്ള റിപ്പോർട്ടും സമർപ്പിച്ചതായി കന്പനി അറിയിച്ചു. പൂർത്തിയായാൽ, ഇതുവഴി 10 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഏകദേശം 70 ദശലക്ഷം വീടുകൾക്ക് ഇത് പ്രയോജനപ്പെടും. നിർമ്മാണം പൂർത്തിയാകാൻ 15 വർഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ പദ്ധതി പൂർത്തിയാകുന്നതിനു മുൻപ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
കരാറിന്റെ അന്തിമരൂപം വരും മാസങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇഡിഎഫ് പ്രസ്താവനയിൽ പറയുന്നു. നിലവിൽ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി പ്രത്യേക ചർച്ചകൾ നടത്തുന്നുണ്ട് ഇഡിഎഫ്. പവർ പ്ലാന്റ് നിർമ്മിക്കുക മാത്രമല്ല, യുഎസ് പങ്കാളിത്തമുള്ള ജിഇ സ്റ്റീം പവറുമായി സഹകരിച്ച് ന്യൂക്ലിയർ റിയാക്ടറുകളും നൽകും. ഇതിന്റെ വിശദാംശങ്ങളും നാഷണൽ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്.നിർമ്മാണ ഘട്ടത്തിൽ 25,000ത്തോളം പേർക്ക് താൽക്കാലിക ജോലികളും 2,700 സ്ഥിരം തൊഴിലവസരങ്ങളും ഈ പദ്ധതിയിലൂടെ സൃഷ്ടിക്കുമെന്ന് ഇ.ഡി.എഫ് കണക്കാക്കുന്നു.
20 വർഷങ്ങൾക്ക് മുൻപാണ് ആണവ നിലയം എന്ന ആശയം ആദ്യം നിലവിൽ വന്നത്. എന്നാൽ പ്രാദേശിക നിവാസികളുടെ എതിർപ്പിനെ തുടർന്ന് പദ്ധതി നടപ്പായില്ല. യുഎസ്, ഫ്രാൻസ്, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി ആണവ സാങ്കേതികവിദ്യകൾ കൈമാറുന്നതിനായി ഇന്ത്യക്ക് ഇതിനകം നിരവധി കരാറുകളുണ്ട്.
ഇന്ത്യയുടെ പരന്പരാഗത സഖ്യകക്ഷിയായ റഷ്യയുമായി ചേർന്ന് രാജ്യത്ത് റിയാക്ടറുകൾ നിർമ്മിക്കുകയും ചെയ്തു. നിലവിൽ ഇന്ത്യയിൽ 22 ന്യൂക്ലിയർ റിയാക്ടറുകൾ പ്രവർത്തിക്കുന്നുണ്ട്, അവയിൽ നിന്നും രാജ്യത്തിന് മൂന്ന് ശതമാനം വൈദ്യുതി ലഭിക്കുന്നുണ്ട്.