മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ദ്വിഗ് വിജയ് സിംഗ് സാല അന്തരിച്ചു


അഹമ്മദാബാദ്: മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയും കോൺഗ്രസ് നേതാവുമായ ദ്വിഗ് വിജയ് സിംഗ് സാല അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

1962 ലാണ് വാൻഖനർ സ്വദേശിയായ സാലയുടെ രാഷ്ട്രീയ പ്രവേശനം. സ്വതന്ത്ര എന്ന പേരുള്ള രാഷ്ട്രീയ പാർട്ടിയിലൂടെയായിരുന്നു തുടക്കം. അതേവർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം 1971 വരെ എംഎൽഎയായി. 1979ലാണ് സാല കോൺഗ്രസിൽ ചേർന്നത്. തുടർന്ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രഗറിൽ നിന്നും രണ്ട് തവണ തുടർച്ചയായി വിജയിച്ചു.

ഇന്ദിരാഗാന്ധി സർക്കാരിന് കീഴിൽ ആദ്യ പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ചപ്പോൾ ആദ്യമായി മന്ത്രിയാകാൻ അവസരം ലഭിച്ചത് സാലയ്ക്കാണ്. 1982 മുതൽ 1984 വരെ അദ്ദേഹം കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായി തുടർന്നു. പരിസ്ഥിതി വിഷയങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയിൽ പങ്കെടുത്തിട്ടുണ്ട്.

രാജ്യത്തെ വന സന്പത്തും പ്രകൃതിയെയും സംരക്ഷിക്കുന്നതിനായി നാഷണൽ പാർക്കുകളെ പ്രഖ്യാപിച്ചു. മരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി റെയിൽ പാളങ്ങളിലെ മരങ്ങൾ കൊണ്ടുള്ള സ്ലീപ്പറുകൾക്ക് പകരം സിമന്റ് കൊണ്ടുള്ള ഉപയോഗിക്കാൻ നിർദ്ദേശം നൽകിയതും അദ്ദേഹമാണ്.

ദ്വിഗ് വിജയ് സിംഗ് സാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക സ്ഥാനം വഹിച്ചിരുന്നയാളാണ് സാലയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിസ്ഥിതിക്കും, സമൂഹത്തിനും നൽകിയ സംഭാവനകളിലൂടെ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed