ഡൽഹിയിൽ കുപ്രസിദ്ധ ക്രിമിനൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ന്യൂഡൽഹി: പോലീസിന്‍റെ കണ്ണ് വെട്ടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ ക്രിമിനൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഡൽഹിയിലെ കുപ്രസിദ്ധമായ ഗോഗ ഗ്യാംഗിലെ അംഗമായ കുൽദീപ് ഫസ്സയാണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. മൂന്ന് ദിവസം മുൻപ് ജിടിബി ആശുപത്രിയിൽ വെടിവെപ്പ് നടത്തി പോലീസിന്‍റെ പിടിയിൽ നിന്നും ഇയാൾ രക്ഷപെട്ടിരുന്നു. ഈ ഏറ്റുമുട്ടലിൽ കുൽദീപിന്‍റെ കൂട്ടാളി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇവിടെ നിന്നും രക്ഷപെട്ട കുൽദീപ് രോഹിണി സെക്ടർ 14ൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഫ്ലാറ്റ് വളഞ്ഞ പോലീസ് കീഴടങ്ങാൻ കുൽദീപിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇയാൾ പോലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ കുൽദീപിനെ ഉടൻ അംബേദ്കർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചു.
ജിടിബിയിൽ കുൽദീപ് പതിവായി ചികിത്സക്ക് എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതനുസരിച്ചാണ് പോലീസ് ഇയാളെ പിടികൂടാൻ വ്യാഴാഴ്ച എത്തിയത്. പക്ഷേ, കുൽദീപിന് ഒപ്പമുണ്ടായിരുന്ന കൂട്ടാളികൾ പോലീസിനുനേരെ മുളകുപൊടി എറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. കുൽദീപിനെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ ഗുർഗാവിൽ വെച്ച് ഡൽഹി പോലീസിന്‍റെ സ്പെഷൽ സെൽ കുൽദീപിനെ അറസ്റ്റ് ചെയ്തിരുന്നു. പുറത്തിറങ്ങിയ ശേഷം വീണ്ടും ഗോഗി ഗ്യാംഗിന്‍റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് എൻകൗണ്ടർ നടന്നത്.

