ഓല ക്യാബ് ബുക്ക് ചെയ്യാൻ കസ്റ്റമർ കെയറിൽ വിളിച്ച യുവതിയ്ക്ക് നഷ്ടമായത് 52,260 രൂപ
മുംബൈ: ഓൺലൈൻ സാന്പത്തിക തട്ടിപ്പിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി യുവതി. ഓല ക്യാബ് ബുക്ക് ചെയ്യാനായി കസ്റ്റമർ കെയറിൽ ബന്ധപ്പെടാൻ ശ്രമിച്ചതിന് പിന്നാലെയാണ് യുവതിയ്ക്ക് പണം നഷ്ടമായത്. 52,260 രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായതെന്ന് യുവതി പറഞ്ഞു.
42കാരിയായ മുംബൈ സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. ഓൺലൈൻ പേമെന്റ് ചെയ്യുന്നതിൽ സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടതോടെയാണ് യുവതി കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ ശ്രമിച്ചത്. ജസ്റ്റ് ഡയലിൽ നിന്നാണ് തനിക്ക് നന്പർ ലഭിച്ചതെന്ന് യുവതി പറഞ്ഞു. തുടർന്ന് ‘ക്വിക്ക് സപ്പോർട്ട്’ ഡൗൺലോഡ് ചെയ്യണമെന്ന നിർദ്ദേശം ലഭിച്ചു. ഇതിന് ശേഷമാണ് തട്ടിപ്പ് നടന്നത്.
യുവതിയുടെ പക്കലുണ്ടായിരുന്ന കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഡെബിറ്റ് കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ തട്ടിപ്പുകാരൻ ശേഖരിച്ചു. ഭയന്ദർപദയിലുള്ള ബന്ധുവിന്റെ വീട്ടിലെത്തിയ യുവതി തിരികെ പോകാനുള്ള ക്യാബ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിഞ്ഞത്. യുവതി ബന്ധപ്പെട്ട നന്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

