മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ മുംബൈ പോലീസ് കമ്മീഷണർ
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരേ ഗുരുതര ആരോപണവുമായി മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിങ്. നിലവിൽ എന്.ഐ.എയുടെ കസ്റ്റഡിയിലുള്ള പോലീസ് ഉദ്യോഗസ്ഥനായ സച്ചിൻ വാസെയോട് എല്ലാമാസവും നൂറ് കോടി രൂപ പിരിച്ചുനൽകാൻ അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്നും പോലീസ് അന്വേഷണങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് നൽകുകയും ചെയ്തു. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് പരംബീർ സിങ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്. കത്തിലെ ആരോപണങ്ങൾ മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയവിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. എല്ലാമാസവും കൈക്കൂലിയായി നൂറ് കോടി രൂപ പിരിച്ചുനൽകണമെന്നാണ് അനിൽ ദേശ്മുഖ് സച്ചിന് വാസെയോട് ആവശ്യപ്പെട്ടത്. മുംബൈയിലെ ബാറുകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പണം പിരിക്കാനായിരുന്നു നിർദേശം. മുംബൈയിൽ 1750 ബാറുകളും റെസ്റ്റോറന്റുകളുമുണ്ട്. ഓരോ സ്ഥാപനങ്ങളിൽനിന്നും രണ്ടോ മൂന്നോ ലക്ഷം പിരിച്ചാൽ ഒരുമാസം 40−50 കോടി രൂപ വരെ ലഭിക്കും. ബാക്കിപണം മറ്റിടങ്ങളിൽനിന്ന് കണ്ടെത്തണമെന്നായിരുന്നു നിർദേശം. വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് സച്ചിന് വാസെയോട് മന്ത്രി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് സച്ചിന് വാസെ വെളിപ്പെടുത്തിയപ്പോൾ താൻ ഞെട്ടിപ്പോയെന്നും ഇക്കാര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആലോചിച്ച് കുഴങ്ങിയെന്നും പരംബീർ സിങ്ങിന്റെ കത്തിൽ പറയുന്നു.
ആഭ്യന്തര മന്ത്രി പോലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് പണം പിരിക്കാൻ ആവശ്യപ്പെടുന്നത് പതിവാണെന്നാണ് പരംബീർ സിങ് പറയുന്നത്. പോലീസ് അന്വേഷണങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും പതിവായിരുന്നു. ദാദ്ര നാഗർ ഹാവേലി എം.പിയുടെ മരണത്തിൽ മുംബൈ പോലീസ് അന്വേഷണം നടത്താന് മന്ത്രി നിർബന്ധിച്ചു. സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാന് മന്ത്രി സമ്മർദം ചെലുത്തിയെന്നും കത്തിൽ ആരോപിക്കുന്നു. പോലീസിന്റെ പ്രവർത്തനങ്ങളിൽ മന്ത്രി നടത്തുന്ന അഴിമതിയെക്കുറിച്ചും ക്രമക്കേടുകളെ സംബന്ധിച്ചും മുഖ്യമന്ത്രിയെയും എന്സിപി അധ്യക്ഷന് ശരദ് പവാറിനെയും താൻ നേരത്തെ വിവരം അറിയിച്ചിരുന്നതായും കത്തിലുണ്ട്.
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ വിവരങ്ങൾ ധരിപ്പിക്കാൻ എത്തിയപ്പോൾ ആഭ്യന്തര മന്ത്രിയുടെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേകാര്യങ്ങൾ ഉപമുഖ്യമന്ത്രിയെയും ശരദ് പവാറിനെയും മറ്റ് മുതിർന്ന മന്ത്രിമാരെയും അറിയിച്ചു. ചില മന്ത്രിമാർ ഇക്കാര്യങ്ങളെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നതായാണ് തന്നോട് പറഞ്ഞതെന്നും കത്തിലുണ്ട്. അതേസമയം, പരംബീർ സിങ്ങിന്റെ ആരോപണങ്ങളെ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പൂർണമായും നിഷേധിച്ചു. പരംബീർ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്നും അദ്ദേഹത്തിന്റെ വീഴ്ചകളിൽനിന്നും നിയമനടപടികളിൽനിന്നും രക്ഷപ്പെടാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അനിൽ ദേശ്മുഖ് ട്വിറ്ററിലൂടെ പ്രതികരിച്ചു. അതിനിടെ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ആരോപണത്തിന് പിന്നാലെ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. രംഗത്തെത്തി. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.

