ജയില്‍ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള വികെ ശശികലയുടെ അപേക്ഷ തള്ളി
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികല ഉടൻ ജയിൽ മോചിതയാവില്ല. ശിക്ഷയിൽ ഇളവ് നൽകി നേരത്തെ മോചിപ്പിക്കണമെന്ന ശശികലയുടെ ആവശ്യം ജയിൽ അധികൃതർ തള്ളി. ശിക്ഷാ ഇളവ് നൽകി ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല സമർപ്പിച്ച അപേക്ഷയാണ് അധികൃതർ തള്ളിയത്.
ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമെ ശശികലയ്ക്ക് പുറത്തിറങ്ങാൻ കഴിയൂവെന്ന് അധികൃതർ വ്യക്തമാക്കി. അഴിമതി കേസിൽ അറസ്റ്റിലായവർക്ക് ശിക്ഷ ഇളവ് നൽകേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലു വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് സുപ്രീം കോടതി ശിക്ഷ വിധിച്ചത്.
നാലു വർഷം തടവ് ജനുവരി 27ന് പൂർത്തിയാകും. പത്ത് കോടി രൂപ പിഴ ബംഗളൂരു പ്രത്യേക കോടതിയിൽ നേരത്തെ അടച്ചിരുന്നു. പിഴ അടക്കാൻ വൈകിയിരുന്നെങ്കിൽ ശശികലയുടെ ജയിൽ മോചനം 2022 ഫെബ്രുവരി 27 വരെ നീണ്ടു പോയേനെ. അതേസമയം ശശികലയുടെ 2000 കോടി ആസ്തികൾ അടുത്തിടെ ആദായ നികുതി വകുപ്പ് കണ്ടുതെട്ടിയിരുന്നു. ഹൈദരാബാദിലെ ബിനാമി കമ്പനികൾ ഉൾപ്പെടെയുള്ളവയാണ് കണ്ടുകെട്ടിയത്.

