വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു
കൊൽക്കത്ത : വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. കൊൽക്കത്തിലെ ബെൽ വ്യൂ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. 85 വയസായിരുന്നു. ഒക്ടോബർ 6നാണ് കൊവിഡ് ബാധയെ തുടർന്ന് സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 14ന് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിരുത്തിയിരുന്നത്.
ഇന്ത്യൻ സിനിമയിലെ ഇതിഹാസ നടനെന്ന് വിശേഷണമുളള സൗമിത്ര ചാറ്റർജി ബംഗാളി സിനിമയുടെ മുഖച്ഛായ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച നടനും കൂടിയാണ്. സത്യജിത് റേയ്ക്കൊപ്പം 14 സിനിമകളിൽ പ്രവർത്തിച്ചിട്ടുളള അദ്ദേഹത്തിന് മൂന്നുതവണ ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2012ൽ അദ്ദേഹത്തിന് ദാദസാഹിബ് ഫാൽക്കേ പുരസ്കാരവും ലഭിച്ചു.

