യുഎഇയിലേക്ക് മടങ്ങുന്നതിനിടെ ബിആര്‍ ഷെട്ടിയെ വിമാനത്താവളത്തില്‍ തടഞ്ഞു
ദുബൈ: യുഎഇയിലേക്കുള്ള മടക്കയാത്രക്കിടെ പ്രമുഖ വ്യവസായിയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും യുഎഇ എക്സ്ചേഞ്ചിന്റെയും സ്ഥാപകനുമായ ബി ആര്‍ ഷെട്ടിയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. ഇത്തിഹാദ് വിമാനത്തില്‍ യുഎഇയില്‍ എത്താനുള്ള ശ്രമത്തിനിടെയാണ് ഷെട്ടിയെ ഇമിഗ്രേഷന്‍ വകുപ്പ് അധികൃതര്‍ തടഞ്ഞത്.
ഇന്ത്യയില്‍ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന് ഷെട്ടിക്കെതിരായി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് ഇമിഗ്രേഷന്‍ വിഭാഗം അദ്ദേഹത്തെ യുഎഇയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് തടഞ്ഞതെന്നാണ് വിവരം. എന്നാല്‍ ഷെട്ടിക്കൊപ്പം ഉണ്ടായിരുന്ന ഭാര്യയെ യാത്ര ചെയ്യാന്‍ അനുവദിച്ചതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. സാന്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ബി ആര്‍ ഷെട്ടി യുഎഇയില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു.

