സിബിഐക്ക് പൊതുസമ്മതം റദ്ദാക്കുന്ന ഒൻപതാമത്തെ സംസ്ഥാനമായി പഞ്ചാബ്


ചണ്ഡീഗഡ്‌: കേരളത്തിന് പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേർപ്പെടുത്തി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. എക്‌സിക്യൂട്ടിവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചു. ഇതോടെ അന്വേഷണത്തിനായി സിബിഐക്ക് നൽകിയിരുന്ന പൊതു സമ്മതം റദ്ദാക്കിയ ഒൻപതാമത്തെ സംസ്ഥാനമാണ് പഞ്ചാബ്.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്രസർക്കാർ സിബിഐയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്‌ച ഝാർഖണ്ഡും സിബിഐക്ക് നൽകിയിരുന്ന പൊതുസമ്മതം പിൻവലിച്ചിരുന്നു. കേരളം സിബിഐക്ക് കടിഞ്ഞാണിട്ടതിന് പിന്നാലെയായിരുന്നു കോൺഗ്രസ് ഭരിക്കുന്ന ഝാർഖണ്ഡിന്റെ നീക്കം. സിബിഐയ്ക്ക് ഒരു കേസിൽ അന്വേഷണം നടത്തുന്നതിന് രണ്ട് തരത്തിലുള്ള അനുമതികളാണുള്ളത്. ഇതിൽ പൊതുവായത് നിർദ്ദിഷ്ടമായത് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഒരു സംസ്ഥാനം സിബിഐയ്ക്ക് പൊതു സമ്മതം നൽകിയിട്ടുണ്ട് എങ്കിൽ കേസ് അന്വേഷണത്തിന് ഓരോ തവണയും എത്തുമ്പോൾ സർക്കാരുകളിൽ നിന്ന് പ്രത്യേകം അനുമതി തേടേണ്ട ആവശ്യമില്ല. ഒരു സംസ്ഥാനം പൊതു സമ്മതം പിൻവലിച്ചാൽ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടായാൽ സിബിഐയ്ക്ക് പ്രത്യേകം അനുമതി തേടേണ്ടത് നിർബന്ധമാണ്.

നേരത്തെ ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങൾ സിബിഐക്കുള്ള പൊതുസമ്മതം പിൻവലിച്ചിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇനി സി.ബി.ഐക്ക് ഇവിടങ്ങളിൽ കേസെടുക്കാനാകില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed