കാർഷിക നിയമങ്ങൾ കർഷകരെ അടിമകളാക്കും രാഹുൽ ഗാന്ധി
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ രാജ്യത്തെ കർഷകരെ അടിമകളാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക ബില്ലുകൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് കർഷകർക്ക് പിന്തുണ അറിയിച്ച് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. അതേസമയം, കേന്ദ്രസർക്കാരിന്‍റെ കാർഷിക ബില്ലിനെ എതിർത്ത് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുകയാണ്. ഓൾ ഇന്ത്യാ കിസാൻ സംഘ് കോർഡിനേഷൻ കമ്മിറ്റി, ആൾ ഇന്ത്യാ കിസാൻ മഹാസംഘ്, ഭാരത് കിസാൻ യൂണിയൻ എന്നീ കർഷക സംഘടനകളാണ് ഇന്ന് ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് പുറമേ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ സംഘടനകളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഡൽഹി, ഹരിയാന, പഞ്ചാബ്, യുപി, തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ പ്രതിഷേധവുമായി റെയിൽവേ ട്രാക്കിലും റോഡിലും ഇറങ്ങി. പലയിടത്തും ട്രെയിൻ സർവീസ് തടഞ്ഞതിനാൽ 20 ട്രെയിനുകൾ റദ്ദാക്കി.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഹിന്ദ് മസ്ദൂർ സഭ ഉൾപ്പെടെയുള്ള വ്യാപാര സംഘടനകളും ദേശീയ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. പഞ്ചാബിൽ കിസാൻ മസ്ദൂർ സംഘടർഷ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ട്രെയിൻ തടയൽ സമരം രണ്ടാം ദിവസവും തുടരുകയാണ്.
