ഡോക്ടർ കഫീൽ ഖാൻ ജയിൽ മോചിതനായി
മഥുര: ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയ യുപി ഡോക്ടര്‍ കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അലീഗഡ് സര്‍വകലാശാലയില്‍ പ്രസംഗിച്ചതിനെ തുടര്‍ന്ന് യുപി പോലീസ് അറസ്റ്റ് ചെയ്ത കഫീല്‍ ഖാനെ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മഥുര ജയിലില്‍ നിന്നും മോചിപ്പിച്ചത്. കഫീല്‍ ഖാനെ ഉടന്‍ തന്നെ ജയില്‍ നിന്നും പുറത്തുവിടണമെന്ന് ചൊവ്വാഴ്ചയാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. അദ്ദേഹത്തിന്‍റെ മാതാവ് നുസ്രത് പര്‍വീണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
കഫീല്‍ ഖാനെ തടവില്‍ വച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹത്തിന്‍റെ പ്രസംഗം വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമായിട്ടില്ലെന്നും കോടതി വിലയിരുത്തി. കോടതി ഉത്തരവ് വന്നു കഴിഞ്ഞും മണിക്കൂറുകള്‍ക്കു ശേഷമാണ് കഫീല്‍ ഖാനെ ജയില്‍ നിന്നും മോചിപ്പിച്ചത്. തന്‍റെ മകന്‍ നല്ല വ്യക്തിയാണെന്നും അവന്‍ ഒരിക്കലും രാജ്യത്തിനോ സമൂഹത്തിനോ എതിരായി ഒന്നും പ്രവര്‍ത്തിക്കില്ലെന്നും കോടതി വിധിക്കു ശേഷം കഫീല്‍ ഖാന്‍റെ അമ്മ പ്രതികരിച്ചു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് 2019 ഡിസംബറില്‍ നടത്തിയ പ്രസംഗമാണ് അദ്ദേഹത്തിന്‍റെ അറസ്റ്റിനു കാരണമായത്.

