24 മണിക്കൂറിനിടെ 9304 പുതിയ രോഗികൾ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഒറ്റ ദിവസം കൊണ്ട് രോഗം ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് ആദ്യമായി 9000 കടന്നു. 24 മണിക്കൂറിനിടെ 9304 പേർക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,16,919 ആയി. അതേസമയം, രാജ്യത്ത് 6,075 ആളുകളാണ് വൈറസ് ബാധയെ തുടർന്ന് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 260 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്തെ ആശങ്ക പടർത്തി കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. നിലവിൽ 1,06,737 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ചികിത്സയിലുള്ളത്. 1,04,107 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്‍റെ നിരവധി ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് സൂചന. ഇതേ തുടർന്ന്, ഔദ്യോഗിക യോഗങ്ങൾ വീഡിയോ കോൺഫറൻസിംഗ് വഴിയാക്കി. നിരവധി ഉദ്യോഗസ്ഥർക്കും പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.