കർണാടകയിൽ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ആദ്യ രോഗി മരിച്ചു

ബംഗളൂരു: കർണാടകയിൽ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ആദ്യ രോഗി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഇയാൾ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്ക് ന്യൂമോണിയായും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
എന്നാൽ രോഗിയുടെ മരണം പ്ലാസ്മ തെറാപ്പി ചികിത്സ രീതി തെറ്റാണെന്നല്ല തെളിയിക്കുന്നത് എന്നാണ് ചികിത്സ നടത്തിയ എച്ച്സിജി ആശുപത്രിയിലെ ഡോക്ടർ സംഘത്തിന് നേതൃത്വം നൽകിയ ഡോ.യുഎസ് വിശാൽ റാവു പ്രതികരിച്ചു. ഇത് ക്ലിനിക്കൽ പരീക്ഷണമാണ്. പ്രത്യേക അനുമതി ലഭിച്ച രോഗിയിലാണ് ഈ ചികിത്സ രീതി പരീക്ഷിച്ചത്. ഇത് എല്ലാ രോഗികൾക്കും വേണ്ടിയുള്ള ചികിത്സ രീതിയല്ല. കൊവിഡ് ബാധിച്ച ഗുരുതരാവസ്ഥയിലുള്ള രോഗികളെ രക്ഷിക്കാനുള്ള ചികിത്സ രീതിയാണ് ഡോ.യുഎസ് വിശാൽ റാവു പ്രതികരിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുന്‍പാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കർണാടകയിലെ എച്ച്സിജി ആശുപത്രിക്ക് പ്ലാസ്മ തെറാപ്പിക്ക് അനുമതി നൽകിയത്.
കൊവിഡ് 19 രോഗത്തിൽ നിന്ന് മുക്തരായവരുടെ രക്തത്തിലെ ‘പ്ലാസ്മ’യിലടങ്ങിയിരിക്കുന്ന ‘ആന്റിബോഡി’, രോഗിയായ ആളിലേക്ക് പകർത്തി നൽകി, അയാളെ രോഗത്തോട് പോരാടാന്‍ പ്രാപ്തനാക്കുന്നതാണ് ‘പ്ലാസ്മ തെറാപ്പി’. ആദ്യഘട്ടത്തിൽ വളരെ ഫലപ്രദമായ ചികിത്സയാണിതെന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ വന്നിരുന്നത്.