മന്ത്രിസഭാ പുനഃസംഘടന പരിഗണനയിലെന്ന് ദുബൈ ഭരണാധികാരി


ദുബൈ: മന്തിസഭാ പുനഃസംഘടനയും ചില മന്ത്രാലയങ്ങളുടെ ലയനവും പരിഗണനയിലെന്ന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കോവിഡ് ഭീഷണി അവസാനിച്ച ശേഷമുള്ള സമഗ്ര വികസനത്തിനു രൂപം നൽകും. മന്ത്രിസഭയുടെ വലുപ്പം കുറയ്ക്കുകയും കാര്യങ്ങൾ കൂടുതൽ വേഗത്തിൽ നടപ്പാക്കാൻ കഴിയും വിധം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും വെർച്വൽ യോഗത്തിൽ വ്യക്തമാക്കി. എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽമാർ, ഫെഡറൽ-പ്രാദേശിക കാര്യാലയ ഉദ്യോഗസ്ഥർ എന്നിവർക്കു പുറമേ രാജ്യാന്തര വിദഗ്ധരും പങ്കെടുത്തു.


കോവിഡിനു മുൻപുള്ള പോലെയാകില്ല ഇനിയുള്ള ലോകമെന്ന് തിരിച്ചറിയണമെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സാമ്പത്തിക മേഖലയിലടക്കം പുനരുജ്ജീവന പദ്ധതികൾക്കു തുടക്കമിടും. പ്രാഥമികാരോഗ്യം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, നൂതന സാങ്കേതിക വിദ്യകൾ തുടങ്ങിയവയിൽ മുന്നേറാനുള്ള ദേശീയനയത്തിനും കർമ്മപരിപാടികൾക്കുമാണു രൂപം നൽകുക. സമൂഹത്തിന്റെ ആരോഗ്യവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സംരക്ഷിക്കുകയും വികസന മുന്നേറ്റത്തിന് ഊർജം നേടുകയുമാണ് പ്രധാന ലക്ഷ്യങ്ങൾ. വെല്ലുവിളികളിൽ നിന്നു കൂടുതൽ വേഗത്തിൽ കരകയറേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. രാജ്യാന്തര വിദഗ്ധരുടെ കൂടി പങ്കാളിത്തത്തോടെ ദീർഘകാലാടിസ്ഥാനത്തിലുള്ള രൂപരേഖ തയ്യാറാക്കും.

ഹ്രസ്വകാല, ദീർഘകാല പദ്ധതികൾക്കു സമയബന്ധിതമായി തുടക്കം കുറിക്കും. മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർ ഇടയ്ക്കിടെ യോഗം ചേർന്ന് പദ്ധതികളുടെ പുരോഗതി വിലയിരുത്തണം. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക വെല്ലുവിളി നേരിടാൻ 150 കോടി ദിർഹത്തിന്റെ ഉത്തേജക പദ്ധതിക്കു മാർച്ച് 13ന് ദുബായ് രൂപം നൽകിയിരുന്നു. 3 മാസം കൊണ്ടു പദ്ധതി നടപ്പാക്കി വെല്ലുവിളികൾ നേരിടാൻ കമ്പനികളെയും ഇതര സ്ഥാപനങ്ങളെയും പ്രാപ്തമാക്കുകയാണ് ലക്ഷ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed