അസം പൗരത്വ രജിസ്റ്ററിൽ വൻ ക്രമക്കേട്; 108 കോടിയുടെ തട്ടിപ്പെന്നു റിപ്പോർട്ട്
ഗോഹട്ടി: അസം പൗരത്വ രജിസ്റ്റർ നടത്തിപ്പിൽ ക്രമക്കേട് നടന്നെന്ന ആരോപണം ശരിവച്ച് കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. പ്രാഥമിക പരിശോധനയിൽ 108 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് സിഎജി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പറയുന്നത്. സിഎജി റിപ്പോർട്ട് അനുസരിച്ച് 2013-14 മുതൽ 2017-18 വരെയുള്ള കാലയളവിൽ 905.72 കോടി രൂപയാണ് എൻആർസി നടത്തിപ്പിനായി നൽകിയത്. ഇതിൽ 108 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണു സിഎജി കണ്ടെത്തൽ. പൗരത്വ രജിസ്റ്റർ ഫണ്ടിൽ വെട്ടിപ്പ് നടത്തിയെന്ന കാട്ടി ആസാം പബ്ളിക് വർക്സ് (എപിഡബ്ള്യു) എന്ന സംഘടന സിബിഐക്കു പരാതി നൽകിയിട്ടുണ്ട്.
അസം പൗരത്വ രജിസ്റ്റർ മുൻ കോർഡിനേറ്റർ പ്രതീഷ് ഹജേലയെ കൂടുതൽ വെട്ടിലാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതീക് ഹജേലയെ സുപ്രീംകോടതി ഇടപെട്ടു സ്ഥലം മാറ്റിയിരുന്നു. ആഗസ്റ്റ് മുപ്പത്തൊന്നിനാണ് അസമിൽ ദേശീത പൗരത്വ പട്ടിക പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 20 ലക്ഷം പേർ പൗരത്വത്തിന് അർഹരല്ലാതായി. ഇവർക്ക് വീണ്ടും രേഖകൾ സമർപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്.

