ഹൈ​ദ​രാ​ബാ​ദി​ൽ പ്ര​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​ൽ സ​ന്തോ​ഷം; നി​ർ​ഭ​യ​യു​ടെ അ​മ്മ


ന്യൂഡൽഹി: ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികൾ കൊല്ലപ്പെട്ടതിൽ സന്തോഷമെന്ന് നിർഭയയുടെ അമ്മ ആശാദേവി. പോലീസ് മഹത്തായ കാര്യമാണ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് താൻ ആവശ്യപ്പെടുന്നതായും ആശാ ദേവി പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് വ്യാഴാഴ്ച രാത്രി ദേശീയപാത 44-ൽ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതികൾ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നൽകുന്ന വിവരം.
പോലീസ് വെടിവച്ചുകൊന്നതിൽ ഇരയുടെ കുടുംബവും പ്രതികരിച്ചിരുന്നു. സംഭവത്തെ കുറിച്ച് രാവിലെ അറിഞ്ഞപ്പോൾ ഞെട്ടലാണ് ഉണ്ടായതെന്നും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഡോക്ട‌റുടെ കുടുംബം പ്രതികരിച്ചു. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ മാസം 28-നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരിയാണ് മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റിലായ പ്രതികൾ പിന്നീട് പോലീസ് കസ്റ്റഡിയിലായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed