വെറ്ററിനറി ഡോക്ടറുടെ കൊലപാതകം; പോലീസുകാർക്ക് സസ്പെൻഷൻ


ഹൈദരാബാദ്: തെലുങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസുകാർക്ക് സസ്പെൻഷൻ. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിനാണ് നടപടി. ഷംഷാബാദ് പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ മൂന്ന് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. പോലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ സഹോദരി പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്നാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. അതിനി‌ടെ പ്രതികൾക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടു പ്രതിഷേധം ശക്തമാണ്. പലേടത്തും പ്രതിഷേധങ്ങൾ അരങ്ങേറി. സമൂഹമാധ്യമങ്ങളിലും പ്രതിഷേധ സന്ദേശങ്ങൾ നിറയുകയാണ്. ഡോക്‌ടറെ മാനഭംഗപ്പെടുത്തിയ ശേഷം ചുട്ടുകൊന്ന കേസിൽ നാലു ലോറിത്തൊഴിലാളികൾ അറസ്റ്റിലായിരുന്നു. മുഖ്യപ്രതിയായ ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് പിടിയിലായത്. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്കു മാറ്റണമെന്നു പോലീസ് അപേക്ഷ നൽകി. 

സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകിട്ടു ജോലികഴിഞ്ഞു മടങ്ങുന്പോഴാണു സംഭവം. ഷംഷാബാദിലെ ടോൾ പ്ലാസയിൽനിന്ന് 100 മീറ്റർ അകലെ വൈകിട്ട് ആറോടെ സ്കൂട്ടർ നിർത്തിയ ഇവർ ഗച്ചിബൗളിയിലേക്കു പോയി. ഈ സമയം പ്രതികൾ സമീപത്തുണ്ടായിരുന്നു. നാലു പേരും ഇവിടെയിരുന്നു മദ്യപിക്കുകയായിരുന്നെന്നാണു പോലീസ് പറയുന്നത്. യുവതിയെ കണ്ടതോടെ മാനഭംഗപ്പെടുത്താൻ ഇവർ പദ്ധതിയിട്ടു. പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്കൂട്ടറിന്‍റെ ടയറുകൾ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോൾ സഹായം വാഗ്ദാനം ചെയ്തു. തുടർന്ന് ജോളു ശിവ സ്കൂട്ടർ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ, സംശയം തോന്നിയ യുവതി തന്‍റെ ഇളയ സഹോദരിയെ വിളിച്ചു. തന്‍റെ സ്കൂട്ടർ പഞ്ചറായെന്നും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്നും അറിയിച്ചു. സ്ഥലത്തുനിന്നു വേഗം പോരാൻ നിർദേശിച്ച സഹോദരി പിന്നീടു തിരികെ ഫോൺ വിളിച്ചപ്പോൾ ഓഫായിരുന്നു. ഫോൺ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേർന്നു യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സ്കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ ഉപദ്രവിച്ചു. പിന്നീടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനിൽ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് സംഭവ സ്ഥലത്തുനിന്ന് 20 കിലോമീറ്റർ അകലെ മൃതദേഹം എത്തിച്ചു കത്തിച്ചു. രണ്ടു പേർ ലോറിയിലും മറ്റുള്ളവർ ഡോക്‌ടറുടെ സ്കൂട്ടറിലുമാണുപോയത്. പെട്രോളും ഡീസലും ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed