പുകമഞ്ഞില്‍ മുങ്ങി ഡൽഹി: വിമാന സര്‍വ്വീസുകള്‍ വൈകുന്നു, സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച വരെ അവധി


ന്യൂഡല്‍ഹി: പുകമഞ്ഞില്‍ മുങ്ങി  ഡൽഹി. ഇന്ന് രാവിലെ ഡല്‍ഹിയില്‍ അന്തരീക്ഷവായു മലീനീകരണ ലെവല്‍ അതിരൂക്ഷമായി ഉയര്‍ന്നു. അന്തരീക്ഷ നിലവാര ഇന്‍ഡെക്‌സ്( എക്യുഐ) 635 ആയി ഉയര്‍ന്നു. ഇന്നലെ വായു നിലവാര ഇന്‍ഡെക്‌സ് 407 ആയിരുന്നു. പുകമഞ്ഞ് അതിരൂക്ഷമായതോടെ കാഴ്ചയേയും മറച്ചു തുടങ്ങി. നോയിഡയില്‍ സ്‌കൂളുകള്‍ ചൊവ്വാഴ്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം വിമാന സര്‍വ്വീസുകളും വൈകുകയാണ്. കാഴ്ച മങ്ങി തുടങ്ങിയതോടെ വിമാന സര്‍വീസുകളെയും ബാധിച്ചുവെന്ന് ഡല്‍ഹി വിമാനത്താവളം അധികൃതര്‍ ട്വീറ്റിലുടെ അറിയിച്ചു. ഇതുവരെ 32 വിമാന സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു. വിമാന സര്‍വീസുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഡല്‍ഹി വിമാനത്താവള അധികൃതര്‍ ട്വീറ്റിലുടെ നിരന്തരം അറിയിക്കുന്നുണ്ട്.
ആരോഗ്യ അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചു ദിവസം കൂടി എടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അതേസമയം നാളെ മുതല്‍ ഒറ്റ-അക്ക നമ്പര്‍ വാഹന നിയന്ത്രണം വരും. ഇതോടെ ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ നാളെ പുറത്തിറങ്ങാനാകൂ. നിയന്ത്രണം മറികടന്നാല്‍ നാലായിരം രൂപയാണ് പിഴ. എന്നാല്‍ വിഐപികള്‍, അവശ്യ സര്‍വീസുകള്‍, സ്ത്രീകളും ഭിന്നശേഷിക്കാരും ഓടിക്കുന്ന വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്ക് ഇളവുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.
വായൂ നിലവാര സൂചികയിലെ 0-50 വരെയാണ് ഏറ്റവും നല്ല അവസ്ഥ. 51-100 വരെ തൃപ്തികരമായ അവസ്ഥയാണ്. 101-200 വരെ 'മോഡറേറ്റ്' (ഒരു വിധം നല്ല അവസ്ഥ) ആണ്. 201-300 വരെ മോശം അവസ്ഥയാണ്. 301(400 വരെ അതീവ മോംെ ആണ്. 401-500 വരെ ഗൗരവമായ അവസ്ഥയാണ്. 500 നു മുകളില്‍ അതീവ ഗുരുതരം അഥവ അടിയന്തിര അവസ്ഥയുമാണ്. ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയില്‍ വായൂ നിലവാരം 400 നും നിലവില്‍ 500 നും മുകളിലാണ്. തിങ്കളാഴ്ച സുപ്രീംകോടതി ഗുരുതര വിഷയത്തില്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടുമെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed