ഒരു വയസ്സുള്ള മകനെ കിണറ്റിലെറിഞ്ഞു കൊന്ന യുവതി അറസ്റ്റില്‍


കോഴിക്കോട്: എട്ടേനാൽ-വളയനംകണ്ടി റോഡിൽ സുന്നിപ്പള്ളിക്കു സമീപം കാവുംപുറത്തിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ് യുവതി ഒരു വയസ്സുപ്രായമുള്ള മകനെ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നു.
തമിഴ്നാട് തിരിപ്പൂർ സ്വദേശിനി ധനലക്ഷ്മി(21)യാണ് മകൻ റിഷിധിനെ വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെള്ളമുള്ള കിണറ്റിലെറിഞ്ഞു കൊന്നത്. ഇന്നലെ രാവിലെ പത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
തികച്ചും നാടകീയമായ രംഗങ്ങളിലൂടെ യുവതി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടി കിണറിലുണ്ടെന്ന് പറയുന്നത്. പർദയിട്ട രണ്ടുപേരെത്തി തന്നെ എന്തോ മണപ്പിച്ച് അബോധാവസ്ഥയിലാക്കി സ്വർണാഭരണം തട്ടിയെടുത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞുവെന്നാണ് യുവതി പ്രദേശവാസികളോട് നിലവിളിച്ച് പറഞ്ഞത്. നാട്ടുകാരിലൊരാൾ കിണറിലിറങ്ങി കുഞ്ഞിനെ എടുക്കാൻ ശ്രമം നടത്തി. പിന്നീട് നരിക്കുനിയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.ഒ. വർഗീസിന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാ വിഭാഗത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ പുറത്തെടുക്കുന്നത്. സ്വകാര്യ ആശുപത്രിയിലും ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ചുമാസത്തോളമായി ഭർത്താവ് പ്രവീണും ഭർത്തൃ പിതാവും മാതാവുമൊത്ത് യുവതി വാടകയ്ക്ക് താമസിക്കുകയായിരുന്നു. നിലത്ത് കല്ലുവിരിക്കുന്ന ജോലിയുള്ള പ്രവീണും കൂലിപ്പണിക്കു പോകുന്ന പ്രവീണിന്റെ അച്ഛനും അമ്മയും സംഭവസമയം ജോലിക്കു പോയതായിരുന്നു. ഓടിട്ട വീടും വീട്ടുമുറ്റത്തു തന്നെ കിണറും വീടിന് ഗേറ്റും ഉണ്ട്. സമീപത്ത് വീടുകളുണ്ടെങ്കിലും പുറമേ നിന്ന് പെട്ടെന്ന് നോക്കിയാൽ കാണുകയുമില്ല. സംഭവസമയത്ത് ധനലക്ഷ്മിയും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്ത ധനലക്ഷ്മിയെ ചോദ്യം ചെയ്തപ്പോൾ ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് സമ്മതിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed