വായു മലിനീകരണം: ഡൽഹിയിൽ സ്കൂളുകൾക്ക് അവധി; ഓഫീസ് സമയങ്ങളിൽ മാറ്റം
ന്യൂഡൽഹി: രൂക്ഷമായ വായുമലിനീകരണത്തെത്തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഡൽഹിയിൽ ഓഫീസുകളുടെ പ്രവർത്തനസമയം മാറ്റുകയും ബുധനാഴ്ച വരെ സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തു. 21 സർക്കാർ ഓഫീസുകളുടെ സമയം രാവിലെ 10.30 മുതൽ വൈകിട്ട് 7 മണി വരെയാക്കി. ബാക്കിയുള്ളവ രാവിലെ 9.30 മണി മുതൽ വൈകിട്ട് 6 മണി വരെ പ്രവർത്തിക്കും. ശൈത്യകാലം തുടങ്ങാറായതിനാൽ അതിരാവിലെ വായുമലിനീകരണത്തോത് ഗുരുതരമായി കൂടുന്ന സാഹചര്യത്തിലാണ് നടപടി
നഗരത്തിലെ 37 വായു മലിനീകരണ നീരീക്ഷണ കേന്ദ്രങ്ങളിൽ അതീവഗുരുതരമായ വായു മലിനീകരണ സൂചികയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 480 ആണ് ഇപ്പോൾ ഡൽഹിയിലെ ശരാശരി വായു മലിനീകരണത്തോത് (Air Quality Index - AQI). 200-ന് മുകളിൽ PM - അഥവാ പർട്ടിക്കുലേറ്റ് മാറ്റർ (Particulate Matter) വന്നാൽ, വായുമലിനീകരണത്തിൽ ജാഗ്രത പാലിക്കണമെന്നതിന്‍റെ സൂചികയാണ്. ഈ സാഹചര്യത്തിലാണ് 450- കടന്ന് വായുമലിനീകരണത്തോത് കുതിക്കുന്നത്. ലോധി റോഡ് മേഖലയിൽ വായുമലിനീകരണത്തോത് 500 കടന്നു. ഒരു നിശ്ചിത ഘന അടി അന്തരീക്ഷവായുവിൽ എത്രത്തോളം മലിനീകരണഘടകങ്ങൾ - കാർബൺ, നൈട്രജൻ - എന്നിവ ഉണ്ടെന്നതിന്‍റെ കണക്കാണ് PM അഥവാ പർട്ടിക്കുലേറ്റ് മാറ്റർ.
യമുനാ തീരത്ത് താമസിക്കുന്നവരടക്കം, ഹരിയാന, ഉത്തർപ്രദേശ് അതിർത്തിപ്രദേശങ്ങളിലുള്ളവർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. ദീപാവലിയ്ക്ക് മുമ്പായി കൊയ്ത പാടങ്ങളിൽ വൈക്കോൽ കൂട്ടമായി ഇട്ട് കത്തിച്ചതും, ദീപാവലിയ്ക്ക് പടക്കങ്ങൾ പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും അത് പാളിയതും, അന്തരീക്ഷമലിനീകരണം കുത്തനെ കൂടാൻ കാരണമായി. 46 ശതമാനം അന്തരീക്ഷവായുവും മലിനമാണെന്നാണ് കേന്ദ്ര ഭൗമമന്ത്രാലയത്തിന്‍റെ മലിനീകരണസൂചികാ കേന്ദ്രമായി സഫർ - പുറത്തുവിടുന്ന കണക്ക്.
ജനുവരിയ്ക്ക് ശേഷം ഡൽഹിയിലെ മലിനീകരണത്തോത്, അതീവഗുരുതരമെന്ന നിലയിൽ നിന്ന് അടിയന്തരസാഹചര്യത്തിലേക്ക് മാറിയതോടെയാണ് മലിനീകരണ നിയന്ത്രണബോർഡ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നിർബന്ധിതരായത്.
ഡൽഹിയിലെ 37 വായുമലിനീകരണ സൂചികാ കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ മലിനീകരണം രേഖപ്പെടുത്തിയത് ദ്വാരക, ജവഹർ ലാൽ നെഹ്‍റു സ്റ്റേഡിയം പരിസരങ്ങളിലാണ്. ഇവിടെ അടിയന്തരസാഹചര്യത്തിൽ നിന്ന് വെറും രണ്ട് പോയന്‍റ് കുറവിലായിരുന്നു മലിനീകരണത്തോത് - 499 പോയന്‍റ്.
ഈ സാഹചര്യം അടുത്ത 48 മണിക്കൂറും അതേ തരത്തിൽ തുടരുകയാണെങ്കിൽ കടുത്ത നടപടികളിലേക്ക് സർക്കാരിന് കടക്കേണ്ടി വരും. ഒറ്റ - ഇരട്ട അക്ക നമ്പർ വാഹനനിയന്ത്രണവും കടന്ന്, ഡൽഹിയിലേക്ക് വരുന്ന എല്ലാ ട്രക്കുകളെയും നിരോധിക്കേണ്ടി വരും. നിമ്മാണപ്രവൃത്തികൾക്ക് ഇപ്പോഴേ നിരോധനമുണ്ട്. സ്കൂളുകൾക്ക് അവധി നീട്ടേണ്ടി വരും.

