കാശ്മീരി ജനങ്ങളുടെ സ്ഥിതിയിൽ ആശങ്കയുണ്ടെന്ന് ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ
ന്യൂഡൽഹി: കാശ്മീരിൽ ജനങ്ങളുടെ സ്ഥിതിയിൽ ആശങ്കയുണ്ടെന്ന് ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ. ഇന്ത്യാ സന്ദർശനം തുടരുന്ന ആംഗല മെർക്കൽ ഡൽഹിയിൽ ജർമ്മൻ മാധ്യമപ്രവർത്തകരോടാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. കാശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കുക എന്നതാണ് ജർമ്മനിയുടെ ഇതുവരെയുള്ള നിലപാട്. ഇതിനിടെയാണ് ഏഞ്ചല മെര്‍ക്കലിന്‍റെ പ്രതികരണമെത്തിയിരിക്കുന്നത്. ഇന്നലെ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മെർക്കൽ കശ്മീരിനെക്കുറിച്ച് മൗനം പാലിച്ചിരുന്നു. ഇന്ത്യ അടുത്ത സുഹൃത്തെന്ന് വ്യക്തമാക്കിയ ഏഞ്ചല കാശ്മീരിനെക്കുറിച്ച് പരാമർശിക്കാന്‍ തയ്യാറായിരുന്നില്ല. കൂടിക്കാഴ്ചക്ക് ശേഷം ഭീകരവാദം നേരിടാൻ ജർമ്മനിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. അതേസമയം 17 കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചിരുന്നു.
പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി മേഖലകളിലെ സഹകരണത്തിനുള്ള 17 കരാറുകളിലാണ് ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചത്. ഇന്ത്യയുടെ വികസനത്തിന് ജർമ്മനി പോലെ ഒരു സാങ്കേതിക ശക്തിയുടെ സഹായം ഏറെ അനിവാര്യമാണ് എന്നാണ് ഏഞ്ചല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നരേന്ദ്രമോദി പറഞ്ഞത്. തമിഴ്നാട്ടിലും ഉത്തർപ്രദേശിലും വ്യവസായ ഇടനാഴിയിൽ മുതൽമുടക്കാൻ ജർമ്മനിയെ മോദി ക്ഷണിച്ചു. മെര്‍ക്കലുമായുള്ള ചര്‍ച്ചയില്‍ പാക് കേന്ദീകൃത ഭീകരവാദത്തെക്കുറിച്ചും ഇന്ത്യ ഉന്നയിച്ചു.

