ഗുജറാത്തിലെ കേവാഡിയയിലെ ഏകതാ പ്രതിമയിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി
ഗാന്ധിനഗർ: സർദാർ വല്ലഭ് ഭായി പട്ടേലിന്റെ 144-ാം ജന്മവാർഷികത്തിൽ ഗുജറാത്തിലെ കേവാഡിയയിലെ ഏകതാ പ്രതിമയിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'രാജ്യമെമ്പാടുമുള്ള വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് റൺ ഫോർ യൂണിറ്റി പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ പൗരന്മാരോടും ഞാൻ നന്ദി പറയുകയാണ്. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനവും സവിശേഷതയും' പ്രധാനമന്ത്രി പറഞ്ഞു. ദേശിയ ഏകതാദിന പരേഡിൽ പങ്കെടുത്ത മോദി ഏകതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
പട്ടേലിന്റെ ജന്മവാർഷികവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും നിരവധി ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ റൺ ഫോർ യൂണിറ്റി മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് സർദാർ വല്ലഭ് ഭായി പട്ടേലിന്റെ ജന്മദിനം ഏകതാദിനമായി ആചരിച്ചു തുടങ്ങിയത്.

