മഹാ ചുഴലിക്കാറ്റ്; എംജി യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റി; ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: കനത്ത മഴയേയും മോശം കാലാവസ്ഥയേയും തുടര്‍ന്ന് സംസ്ഥാനത്തെ നാല് താലൂക്കുകളിലുള്ള വീദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പുറമെ എംജി സര്‍വകലാശാലയില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. ഇതിന് പുറമെ അറബിക്കടലില്‍ രൂപം കൊണ്ട 'മഹാ'ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുന്‍പ് ശക്തി പ്രാപിക്കും. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു ജില്ലകളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപകമായി ഇന്ന് പുലര്‍ച്ചെ മുതല്‍ കനത്ത മഴ പെയ്യുന്നുണ്ട്.
അറബിക്കടലില്‍ രൂപമെടുത്ത തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീലങ്കന്‍ തീരത്തു രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമര്‍ദം അതിതീവ്രമാകുകയാണ്. ചുഴലിക്കാറ്റ് ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കും. ഇതിന്റെ സ്വാധീനത്തില്‍ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തിന് 220 കി.മീ. അകലെയാണ് ഇപ്പോള്‍ ന്യൂനമര്‍ദം. ശക്തമായ തിരമാലകള്‍ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഉടന്‍ മടങ്ങിയെത്തണമെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങളും കൂടുതല്‍ ജാഗ്ര പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ്. മൂന്നാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്ത് മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്.

