ഗവർണർ നിയമനം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് ശ്രീധരൻപിള്ള
തിരുവനന്തപുരം: മിസോറാം ഗവർണറായി തന്നെ നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരൻപിള്ള. പാർട്ടി തീരുമാനം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെടുക്കുന്ന തീരുമാനം എന്തു തന്നെ ആയാലും സന്തോഷത്തോടെ ഉൾക്കൊള്ളുമെന്നും കേരളത്തിന് പുറത്തേക്ക് പോകാമോ എന്ന് പ്രധാനമമന്ത്രി നേരത്തെ ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, കുമ്മനം രാജശേഖരനെ മിസോറാം ഗവർണർ ആയി നിയമിച്ചിരുന്നു. എന്നാൽ, തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം സ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കേരളത്തിൽ നിന്നുള്ള നേതാവിനെ ഗവർണർ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. ജമ്മു കാഷ്മീർ ഗവർണർ സത്യപാൽ മാലിക്കിനെ ഗോവ ഗവർണറായും ഗിരീഷ് ചന്ദ്ര മുർമുവിനെ പുതിയ ജമ്മു കാഷ്മീർ ലഫ്റ്റനന്‍റ് ഗവർണറായും നിയമിച്ചിട്ടുണ്ട്. രാധാകൃഷ്ണ മാഥൂറിനെ ലഡാക്കിലെ ലഫ്റ്റനന്‍റ് ഗവര്‍ണറായും നിയമിച്ചു.മിസോറാമിന്‍റെ ഗവര്‍ണര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമനും നേരത്തെ മിസോറാം ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

