ആ പാട്ടുപെട്ടിയും നിലച്ചു......പുതിയ സംഗീത സ്പന്ദനങ്ങൾക്ക് കാതോർത്ത് ബഹ്‌റൈൻ പ്രവാസികൾ
രാജീവ് വെള്ളിക്കോത്ത്
ബഹ്‌റൈൻ പ്രവാസികളുടെ ഏക റേഡിയോ സ്റ്റേഷനായ റേഡിയോ മിർച്ചി 104.2 എഫ് എമ്മിന്റെ പ്രവർത്തനം സാമ്പത്തിക പ്രശ്‍നങ്ങളാൽ നിർത്തിവച്ചിരിക്കുകയാണ്.ഒന്നര വർഷമായി 'റേഡിയോ മിർച്ചി ' എന്ന പേരിൽ ഹിന്ദിയിലും മലയാളത്തിലും വ്യത്യസ്ത സമയങ്ങളിൽ പ്രക്ഷേപണം നടത്തിയിരുന്ന എഫ് എം 104 .2 എന്ന റേഡിയോ ആണ് പ്രവർത്തനം അവസാനിപ്പിച്ചത്. ശ്രോതാക്കൾക്ക് യാതൊരു വിധ മുന്നറിയിപ്പും നല്കാതെയായിരുന്നു റേഡിയോ മിർച്ചി പ്രവർത്തനം അവസാനിപ്പിച്ചത്. .ഇതോടെ സ്‌ഥാപനത്തിൽ ജോലി ചെയ്തിരുന്ന റേഡിയോ ജോക്കികൾ അടക്കമുള്ള 12 പേർക്കും ജോലി നഷ്ടമാവുകയും ചെയ്തിരിക്കുകയാണ്.
അറബിക് പാട്ടുകൾ മാത്രം പ്രക്ഷേപണം ചെയ്തിരുന്ന 104.2 എന്ന എഫ് എം 2006 ൽ ആണ് ബഹ്‌റൈനിലെ ഏഷ്യൻ പ്രവാസികൾക്കുവേണ്ടി ബഹ്‌റൈൻ ഗവണ്മെന്റ് അനുവദിച്ചത്. ബഹ്‌റൈൻ ടി വി ആൻഡ് റേഡിയോയുടെ കീഴിൽ തീർത്തും സ്വന്തം നിലയ്ക്ക് വരുമാനം കണ്ടെത്തിക്കൊണ്ട് റേഡിയോ നടത്താനുള്ള ആ അനുമതി അന്ന് മീഡിയ രംഗത്തെ പ്രമുഖരായ സ്ട്രാറ്റജിക് പബ്ലിസിറ്റി ആൻഡ് അഡ്വെർടൈസിങ് കമ്പനി(സ്പാക്)ക്ക്ആയിരുന്നു ലഭിച്ചത്. അഞ്ചു വർഷത്തേയ്ക്ക് ഏകദേശം അഞ്ചരക്കോടി രൂപയ്ക്കാണ് സ്പാക് ഈ ഫ്രീക്വൻസി ഏറ്റെടുത്തു നടത്താൻ തയ്യാറായത്.
2012 ജൂൺ മാസം വരെ 'നിങ്ങൾ തനിച്ചല്ല ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് 'റേഡിയോ വോയിസ് ' എന്ന പേരിൽ സ്പാക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച റേഡിയോ വോയ്‌സിന് ലക്ഷക്കണക്കിന് ശ്രോതാക്കളെയാണ് ഈ കാലയളവിൽ സൃഷ്ടിക്കാൻ കഴിഞ്ഞത്. ആദ്യത്തെ മലയാളം റേഡിയോ എന്നുള്ള നിലയിലും മികച്ച പരിപാടികളുടെ ആവിഷ്ക്കാരവും കൊണ്ട് റേഡിയോ തീർത്തും ജനകീയമായി മാറിയ നാളുകളായിരുന്നു അതെന്ന് ബഹ്‌റൈനിലെ ശ്രോതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. 2011 ൽ ബഹ്‌റൈനിൽ ഉണ്ടായ പ്രത്യേക സാഹചര്യത്തിലും ജനങ്ങളുമായി സംവദിച്ചുകൊണ്ട് ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ ആശങ്കകൾ അകറ്റുന്നതിൽ റേഡിയോ വോയിസ് വഹിച്ച പങ്ക് നിസ്തുലമാണ് .
റേഡിയോയുടെ പ്രശസ്തി മറ്റു ജി സി സി രാജ്യങ്ങളിൽ കൂടി വ്യാപിച്ചതോടെ ആദ്യത്തെ ടെണ്ടർ കാലാവധി അവസാനിക്കാറായപ്പോഴേക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ വരെ ബഹ്‌റൈനിലെ ചില അഡ്വർട്ടൈസിംഗ് കമ്പനികളുടെ കൂട്ട് പിടിച്ചു ടെണ്ടർ കൊടുക്കാനുള്ള നീക്കം ആരംഭിച്ചു. 2012ൽ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസ് ഫീസ് പുതുക്കി പുതിയ ടെണ്ടർ ബഹ്‌റൈൻ ബ്രോഡ്കാസ്റ്റിങ് കമ്പനി പരസ്യപ്പെടുത്തിയപ്പോൾ പല കമ്പനികളും ടെണ്ടർ നൽകിയെങ്കിലും 5 വർഷത്തെ പ്രവർത്തി പരിചയത്തിൽ അടുത്ത അഞ്ചു വർഷത്തേയ്ക്ക് 17 കോടി രൂപയാണ് സ്പാക് ടെണ്ടർ സമർപ്പിച്ചത്. മറ്റു കമ്പനികളുടെ കിടമത്സരങ്ങൾക്കിടയിൽ സ്പാക്കിന്റെ ടെണ്ടർ തഴയപ്പെട്ടു.19 കോടി രൂപ നൽകാൻ തയ്യാറായ യുവർ എഫ് എമ്മിന് ഫ്രീക്വൻസി അനുവദിക്കുകയും ശ്രോതാക്കൾക്ക് അറിയിപ്പ് നൽകി റേഡിയോ വോയിസ് അന്ന് പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.
അഞ്ചു വര്ഷം പൂർത്തിയാക്കിയ യുവർ എഫ് എമ്മിനും 2018 ൽ ടെണ്ടർ തുക കുറഞ്ഞ കാരണത്താൽ റേഡിയോ ഫ്രീക്വൻസി തിരിച്ചു പിടിക്കാനായില്ല. അന്നും സ്പാക് (റേഡിയോവോയിസ്) 23 കോടി രൂപയ്ക്ക് ടെണ്ടർ സമർപ്പിച്ചപ്പോൾ ആദ്യമായി ഈ രംഗത്തേയ്ക്ക് കടന്നുവന്ന അൽ നാഷർ കമ്പനി 28 കോടി രൂപ എന്ന ഏറ്റവും കൂടിയ തുകയ്ക്ക് ടെണ്ടർ തുക നൽകി ഒടുവിൽ ഫ്രീക്വൻസി ഏറ്റെടുക്കുകയായിരുന്നു. റേഡിയോ മിർച്ചിഎന്ന പേരിൽ അൽ നാഷർ കമ്പനി ഫ്രീക്വൻസി ഏറ്റെടുത്തു പരിപാടികൾ ആരംഭിക്കുകയും ചെയ്തു. അതായത് 2006 ൽ സ്പാക് ടെണ്ടർ തുടക്കത്തിൽ റേഡിയോ വോയിസ് എന്ന പേരിൽ സ്പാക് കമ്പനി എടുത്ത ടെണ്ടർ തുകയുടെ അഞ്ചിരട്ടി അധികത്തിനായിരുന്നു പുതിയ കമ്പനിടെണ്ടർ നൽകിയത്. പക്ഷെ റേഡിയോ ഏറ്റെടുത്ത് ഒന്നര വര്ഷം ആയപ്പോഴേക്കും തന്നെ ടെണ്ടറിൽ വാഗ്ദാനം ചെയ്ത തുക കണ്ടെത്താനാകാതെ നിലവിൽ റേഡിയോ മിർച്ചി എന്ന പേരിൽ ആരംഭിച്ച റേഡിയോയും പ്രവർത്തനം അവസാനിപ്പിക്കുന്ന കാഴ്ചയാണ് ശ്രോതാക്കൾ കഴിഞ്ഞ ദിവസം കണ്ടത് .
റേഡിയോ പരിപാടികളുടെ ആവിഷ്കാരത്തിലും,റേഡിയോ ജനകീയമാക്കി പരിപാടികൾ ഭംഗിയാക്കുന്നതിനും ചില അഴിച്ചുപണികളും നടത്തിയാൽ ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ ഇനിയും റേഡിയോ സ്പന്ദനം നിലനിർത്താൻ സാധിക്കുമെന്നും ബഹ്‌റൈൻ പ്രവാസികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന 104.2 എന്ന എഫ് എം സ്റ്റേഷന് ഇനിയും മികച്ച രീതിയിലുള്ള പ്രവർത്തനം കാഴ്ച വെക്കാൻ സാധിക്കുമെന്നും ബഹ്‌റൈനൈൽ ആദ്യത്തെ മലയാളം റേഡിയോ "റേഡിയോ വോയിസ് 'ചെയർമാനും സ്പാക് മാനേജിംഗ് ഡയറക്ടറുമായ പി ഉണ്ണികൃഷ്ണൻ പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ റേഡിയോ നടത്തിക്കൊണ്ടുപോകുന്നതിലെ സാമ്പത്തിക വശങ്ങളും വളരെ സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നിലവിൽ മന്ത്രാലയത്തിന് നൽകേണ്ടുന്ന ടെണ്ടർ തുകയും മറ്റു ചിലവുകളും അടക്കം ഏകദേശം അഞ്ചു വർഷത്തെ റേഡിയോ നടത്തിപ്പിന് 50 കോടിയോളം രൂപ ചിലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ ഏക ആശ്രയമായിരുന്ന 104.2 എഫ് എം നിശ്ചലമായതോടെ ആദ്യമായി റേഡിയോ നാദം മുഴക്കിയ റേഡിയോ വോയ്‌സ് കമ്പനിയിലേക്ക് നിരവധി ശ്രോതാക്കളാണ് റേഡിയോ ഏറ്റെടുത്ത നടത്തണമെന്ന അഭ്യർത്ഥനയുമായി വിളിച്ചു കൊണ്ടിരിക്കുന്നത്. അന്നത്തെ റേഡിയോ വോയിസ് ശ്രോതാക്കൾ രൂപീകരിച്ച ആർ വി ഫാൻസ് ക്ലബ്ബ്,റേഡിയോ വോയിസ് ശ്രോതാക്കളുടെ കൂട്ടായ്മ തുടങ്ങി ഫെയ്‌സ്ബുക്കിൽ സജീവമായിരുന്ന നിരവധി ശ്രോതാക്കൾ ഇപ്പോഴും റേഡിയോ വോയിസിന്റെ പരിപാടികൾ ഓർമ്മയിൽ സൂക്ഷിക്കുന്നവരാണ്.

