പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ
ശ്രീനഗർ കാശ്മീരിലെ കുപ്‌വാര ജില്ലയിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിന് തിരിച്ചടി നൽകി ഇന്ത്യ. പാക് അധിനിവേശ കാശ്മീരിലെ ഭീകര ക്യാംപുകൾ ഇന്ത്യൻ സേന ആക്രമിച്ചു. ആക്രമണത്തിൽ 5 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
രാവിലെ പാക്ക് സൈന്യത്തിന്റെ വെടിവയ്പുണ്ടായ തങ്ഹർ മേഖലയ്ക്ക് എതിർവശമുള്ള ഭീകരക്യാംപുകൾക്കു നേരെയാണ് ഇന്ത്യൻ സൈന്യം ആക്രമണം അഴിച്ചുവിട്ടത്. പാക് അധിനിവേശ കാശ്മീരിലെ നീലം വാലിയിൽ ഭീകരരുടെ നാലു ലോഞ്ച് പാഡുകൾ സേന നശിപ്പിച്ചതായി സൂചന. ഭീകരരെ ഇന്ത്യൻ പ്രദേശത്തേക്കു തള്ളിവിടാൻ പാക് സൈന്യം നൽകിയ പിന്തുണയുടെ പ്രതികാരമായാണ് ആക്രമണമെന്നാണ് വിവരം.
ഭീകരരെ തുടർച്ചയായി ഇന്ത്യൻ പ്രദേശത്തേക്ക് എത്തിക്കുന്ന പാക് ഭീകര ക്യാംപുകളിലേക്കു പീരങ്കികൾ ഉപയോഗിച്ചാണ് സേന ആക്രമണം നടത്തിയത്. രാവിലെ കുപ്‍വാരയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിൽ 2 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തിൽ മൂന്നു പേർക്കു പരുക്കേറ്റു.

