ബന്ദിപ്പുർ രാത്രി യാത്രാ നിരോധനം: രാഹുൽ ഗാന്ധി സമരപ്പന്തലിൽ
കൽപ്പറ്റ: ബന്ദിപ്പുർ ദേശീയ പാതയിലെ രാത്രി യാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന യുവജനസംഘടനാ പ്രതിനിധികളെ രാഹുൽ ഗാന്ധി എം.പി സന്ദർശിച്ചു. രാവിലെ ഒന്പതോടെയാണ് അദ്ദേഹം സമരപ്പന്തലിൽ എത്തിയത്. രാത്രിയാത്രാ നിരോധനം ഉൾപ്പെടെ വയനാട്ടിലെ പ്രശ്നങ്ങൾ പരിഹാരം തേടി വയനാട് എം.പി രാഹുലും മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയപാത കടന്നുപോകുന്ന ബന്ദിപ്പുർ നാഷണൽ പാർക്കിലൂടെയുള്ള രാത്രി ഗതാഗതം നിരോധിച്ചതിനും പാത പൂർണമായി അടച്ചിടാനുമുള്ള കർണാടക സർക്കാരിന്‍റെ തീരുമാനത്തിൽ അയവു വരുത്തണമെന്നും കേരള സർക്കാർ ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി അറിയിച്ചു.
ഇപ്പോൾ രാത്രി ഒന്പതു മുതൽ രാവിലെ ആറു വരെയുള്ള വാഹന ഗതാഗതമാണു നിരോധിച്ചിരിക്കുകയാണ്. അതോടൊപ്പം യാത്രാ നിരോധനം പൂർണ നിരോധനം ആക്കാനുള്ള നീക്കവുമുണ്ട്. പകൽ സമയം കൂടി നിരോധിക്കാനുള്ള നീക്കമാണു നടക്കുന്നത്. അതിനെതിരേ ശക്തമായ പ്രതിഷേധമാണ് പൊതുവേ ഉയർന്നിട്ടുള്ളത്. വയനാട്ടിലെ ജനങ്ങളാകെ പ്രതിഷേധ സമരത്തിലാണിപ്പോൾ. രാത്രി യാത്രാ നിരോധനം നീക്കുന്നതു സംബന്ധിച്ചു പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് അടിയന്തര റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകിയിരുന്നു.

