ഗാന്ധി വധം പുനഃസൃഷ്ടിച്ചവർ എം.പിമാർ, നമ്മളൊക്കെ രാജ്യദ്രോഹികൾ: അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ആശങ്കാജനകമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് താനടക്കമുള്ളവർ ഒരു അനീതി ശ്രദ്ധയിൽപ്പെടുത്താൻ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി വധം പുനഃസൃഷ്ടിച്ചവർ എം.പിമാരും നമ്മളൊക്കെ രാജ്യദ്രോഹികളുമായെന്നും അദ്ദേഹം പറഞ്ഞു.
ആൾക്കൂട്ട ആക്രണം വർദ്ധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടർന്ന് അടൂർ ഗോപാലകൃഷ്ണനടക്കമുള്ള സാഹിത്യ−സാംസ്കാരിക പ്രവർത്തകർക്കെതിരെ ബിഹാറിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ.
പ്രധാനമന്ത്രിക്ക് കത്തയച്ചതിന് രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയാണ് അടൂർ ഗോപാലകൃഷ്ണൻ, രാമചന്ദ്ര ഗുഹ, മണി രത്നം തുടങ്ങി 49 പേർക്കെതിരെ എഫ്.ഐ.ആർ സമർപ്പിച്ചത്. സുധീർ കുമാർ ഓജ എന്ന അഭിഭാഷകൻ സമർപ്പിച്ച പരാതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.

