യുപിയില്‍ വൻ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്
ലഖ്നൗ: ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിൽ വൻതോതിൽ നിക്ഷേപത്തിനൊരുങ്ങുന്നു. നാലു ഷോപ്പിങ് മാളുകൾ സ്ഥാപിക്കാനാണ് പദ്ധതി. മലയാളിയായ എം.എ. യൂസഫലിയുടെ നേതൃത്വത്തിൽ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളിന്റെ നിർമ്മാണം ലഖ്നൗവിൽ പുരോഗമിക്കുകയാണ്. 70 ശതമാനം നിർമ്മാണം പൂർത്തിയായെന്നും അടുത്തവർഷം ഇത് പ്രവർത്തനം തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. യു.പി. നിക്ഷേപകസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിക്ക് സമീപം സാഹിബാബാദിൽ പുതിയ ഷോപ്പിങ് മാൾ പണിയുമെന്ന് ചടങ്ങിൽ അദ്ദേഹം പ്രഖ്യാപിച്ചു. നിർമ്മാണത്തിലിരിക്കുന്ന ലഖ്നൗവിലെ മാൾ, നേരത്തേ പ്രഖ്യാപിച്ച വാരാണസി, നോയിഡ മാളുകൾ എന്നിവയ്ക്കുപുറമേയാണിത്. ഓരോ മാളിനും ഏതാണ്ട് 2000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഓരോന്നും 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ഇതിലേറെ പരോക്ഷ തൊഴിലവസരങ്ങളും ഉണ്ടാകും. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്ന സമീപനമാണ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

