ക്രെഡിറ്റ് കാര്‍ഡ് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് യുവാവ് മകളെയുമെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു


ന്യൂഡൽഹി: ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. മകളെയുമെടുത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഡൽഹിയിലെ ഷാഹ്ദരയിൽ തിങ്കളാഴ്ചയാണ് സംഭവം.
സുരേഷ് കുമാർ(35) നാല് വയസുകാരിയായ മകളെയെടുത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. കുഞ്ഞിനെയുമെടുത്ത് സുരേഷ് കുമാർ ചാടുന്നതു കണ്ട് പിന്നാലെയെത്തിയ ഭാര്യ മൻജീത് കൗറും ടെറസ്സിൽ നിന്ന് താഴേക്ക് ചാടി. ആശുപത്രിയിൽ ചികിത്സയിലുള്ള മൻജീതും മകളും അപകടനില തരണം ചെയ്തു. വീഴ്ചയിൽ കുട്ടിയുടെ കാലുകൾ പൊട്ടിയിട്ടുണ്ട്.
വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലായി സുരേഷ് കുമാർ എട്ട് ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ബാങ്കുകളിൽ നിന്ന് നിരന്തരം ഫോൺവിളികളും മെസേജുകളും വന്നിരുന്നതായും ഇതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി സുരേഷ് കുമാർ മാനസികവ്യഥയിലായിരുന്നെന്നും മൻജീത് പറഞ്ഞു.
മൂന്നു പേരും റോഡിൽ വീണുകിടക്കുന്ന കണ്ട അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. മൂന്നുപേരേയും ഉടൻ തന്നെ ജി.ടി.ബി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ സുരേഷ് കുമാർ മരിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഗുരുഗ്രാമിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്നു സുരേഷ് കുമാർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed