കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ വൈകിട്ട് ആറിന്‌


ബെംഗളൂരു: കർണാടകയിൽ വീണ്ടും ബിജെപി അധികാരത്തിലേക്ക്. സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ ഗവർണർ വാജുഭായ് വാലയെ കണ്ടു. മുഖ്യമന്ത്രിയായി ഇന്നു വൈകിട്ട് ആറിനു സത്യപ്രതിജ്ഞ ചെയ്യുമെന്നു യെഡിയൂരപ്പ പറഞ്ഞു. കോൺഗ്രസ് – ദൾ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച മൂന്ന് വിമതരെ സ്പീക്കർ കെ.ആർ രമേഷ്കുമാർ അയോഗ്യരാക്കിയതിനു പിന്നാലെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം.
കോൺഗ്രസിന്റെ 11, ദളിന്റെ 3 വിമതരെ അയോഗ്യരാക്കുകയോ, രാജി സ്വീകരിക്കുകയോ ചെയ്താലേ സമാധാനത്തോടെ ഭരണത്തിലേറാനാകൂ എന്നായിരുന്നു ബിജെപിയുടെ വിലയിരുത്തൽ. 224 അംഗ സഭയിൽ അംഗബലം 221 ആയി തുടർന്നാൽ (മൂന്ന് പേർക്ക് അയോഗ്യത) കേവലഭൂരിപക്ഷം 111 ആകും. 106 പേരുടെ പിന്തുണ മാത്രമാണ് ബി.ജെ.പിക്കുള്ളത്.
അയോഗ്യരാക്കപ്പെടാത്ത വിമതരുടെ നിലപാടാണ് ബി.ജെ.പിക്ക് ഇനി നിര്‍ണായകം. ഇവരുടെ തീരുമാനമാണ് ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ ഉറ്റുനോക്കുന്നത്. ഇവര്‍ മടങ്ങിയെത്തുകയോ രാജി പിന്‍വലിക്കുകയോ ചെയ്താല്‍ ബി.ജെ.പിയുടെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ പാളം തെറ്റും. കോണ്‍ഗ്രസിന്‍റെ തന്ത്രവും ഇതു തന്നെയാണ്. 
സർക്കാർ രൂപീകരിച്ചാലും ബി.ജെ.പിക്കു സഭയിൽ വിശ്വാസം തെളിയിക്കണം. വിമതരെ മുഴുവന്‍ അയോഗ്യരാക്കുകയോ രാജി സ്വീകരിക്കുകയോ ചെയ്താൽ മാത്രമെ 106 പേരുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനും വിശ്വാസം തെളിയിക്കാനും ബിജെപിക്ക് കഴിയൂ. അതേസമയം, 34 മന്ത്രിസ്ഥാനങ്ങളിലേക്ക് 56 ബി.ജെ.പി നേതാക്കൾ അവകാശവാദം ഉന്നയിച്ചേക്കാമെന്നാണു റിപ്പോർട്ട്. 
കോൺഗ്രസ്– ദൾ വിമതരെ കൂടി മന്ത്രിസ്ഥാനം നൽകി തൃപ്തിപ്പെടുത്തുകയെന്നതു ബിജെപിക്കു വലിയ കടമ്പയാകും. അതിനാൽ, സർക്കാർ രൂപീകരിച്ചാൽ തന്നെ പാർട്ടി സംസ്ഥാനാധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും മറ്റു മന്ത്രിസ്ഥാനങ്ങൾ സമയമെടുത്തു തീരുമാനിക്കുകയും ചെയ്യാനാണ് സാധ്യത.

You might also like

  • Lulu Exchange
  • Straight Forward

Most Viewed