ഇരകളുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന് പ്രിയങ്കാഗാന്ധി ; പിന്നിട്ട് 22 മണിക്കൂറിന് ശേഷവും ധര്‍ണ്ണ തുടരുന്നു


മിര്‍സാപൂര്‍: വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ധര്‍ണ്ണ തുടരുന്നു. സോനാഭദ്രയില്‍ നടന്ന വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ എത്തിയ പ്രിയങ്കയെ വെള്ളിയാഴ്ച തടഞ്ഞുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് 22 മണിക്കൂറായി ധര്‍ണ്ണ തുടരുന്ന പ്രിയങ്ക മിര്‍സാപൂരിലെ ഗസ്റ്റ്ഹൗസിലാണ് രാത്രി ചെലവഴിച്ചത്. ഇരകളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താതെ മടങ്ങില്ലെന്ന കടുത്ത നിലപാടിലാണ് പ്രിയങ്ക.

രാത്രി 12 മണിയോടെ വാരണാസി എഡിഐജി ഉള്‍പ്പെടെയുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചുനാര്‍ കോട്ടയില്‍ എത്തി പ്രിയങ്കാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച പ്രിയങ്കയെ തടഞ്ഞ ശേഷം പോലീസ് വാഹനത്തില്‍ കയറ്റി ചുനാര്‍ കോട്ടയിലാണ് എത്തിച്ചത്. ഒരു മണിക്കൂറോളം പ്രിയങ്കയ്‌ക്കൊപ്പം ഇരുന്ന ഉന്നതാധികാരികള്‍ എന്തിനാണ് തന്നെ കസ്റ്റഡിയില്‍ എടുത്തതെന്നതിന് കാരണം പറയുകയോ എന്തെങ്കിലും പേപ്പറുകള്‍ തനിക്ക് നല്‍കുകയോ ചെയ്തില്ലെന്ന് ഹിന്ദിയില്‍ നടത്തിയ ട്വീറ്റില്‍ പ്രിയങ്ക വ്യക്തമാക്കി. രാത്രിയില്‍ ഉടനീളം പ്രിയങ്ക സംഭവങ്ങള്‍ ഒന്നൊന്നായി ട്വീറ്റ് ചെയ്തുകൊണ്ടേയിരുന്നു.
ഏതു രീതിയിലായാലും അറസ്റ്റ് നിയമവിരുദ്ധമാകുമെന്നാണ് പ്രിയങ്കയ്ക്ക് അഭിഭാഷകര്‍ നല്‍കിയിരുന്ന ഉപദേശം. താന്‍ ഇവിടേയ്ക്ക് വന്നത് ഇരകളുടെ കുടുംബത്തെ കാണാനാണ്. അതാകട്ടെ നിയമം ലംഘിച്ചല്ല എന്നും പ്രിയങ്ക ട്വീറ്റില്‍ പറഞ്ഞു. പുലര്‍ച്ചെ 1.15 ന് ശേഷമാണ് പ്രിയങ്കയുടെ അരികില്‍ നിന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോയത്. അതിനിടയില്‍ പ്രിയങ്കയെ ഗസ്റ്റ് ഹൗസില്‍ നിന്നും ഓടിക്കാന്‍ മിര്‍സാപൂര്‍ ഗസ്റ്റ്ഹൗസിലെ വൈദ്യൂതിയും വെള്ളവും തടഞ്ഞു എന്നും ആരോപണമുണ്ട്. ഇരുട്ടില്‍ പാര്‍ട്ടി അണികള്‍ക്കൊപ്പം പ്രിയങ്ക ഇരിക്കുന്നതിന്റെ ദൃശ്യവും അവര്‍ ട്വീറ്റ് ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed