സംസ്ഥാനത്ത് കാലവർഷം ശക്തം; റെഡ് അലർട്ട് 22 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ജൂലൈ 20ന് കാസർഗോഡ് ജില്ലയിലും ജൂലൈ 21ന് കോഴിക്കോട്, വയനാട് ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ 'ഓറഞ്ച്' അലർട്ട് ആയിരിക്കും. ഞായറാഴ്ച കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിലും തിങ്കളാഴ്ച കണ്ണൂർ, മലപ്പുറം, കോട്ടയം എന്നീ ജില്ലകളിൽ 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
'റെഡ്' അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര ( മണിക്കൂറിൽ 204 mmൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക, ക്യാന്പുകൾ തയ്യാറാക്കുന്നതുൾപ്പടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നിവയാണ് 'റെഡ്' അലർട്ട് കൊണ്ട് ഉദ്ദ്യേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യത വർദ്ധിക്കും. 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ശനിയാഴ്ച രാത്രി പതിനൊന്നരവരെ പൊഴിയൂർ മുതൽ കാസർഗോഡുവരെയുള്ള കേരളതീരത്ത് 2.9 മുതൽ 3.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു.
അതേസമയം കാസർഗോഡ് ഇന്ന് 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയിൽ കാസർഗോഡ് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലയിൽ ചെറിയ തോതിൽ മണ്ണിടിച്ചിലുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വെള്ളരിക്കുണ്ട് കിനാനൂരിൽ നാൽ കുടുംബങ്ങളെ താൽക്കാലിക ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി. കളനാട് വില്ലേജിൽ അഞ്ച് കുടുംബങ്ങളോട് മാറി താമസിക്കുവാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കെടുതികൾ വിലയിരുത്താൻ ഇന്ന് ജില്ലാ കളക്ടർ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

