ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടമ പി.രാജഗോപാല്‍ അന്തരിച്ചു
ചെന്നൈ: ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടമ പി.രാജഗോപാല്‍ അന്തരിച്ചു. കുപ്രസിദ്ധമായ ശാന്തകുമാര്‍ കൊലക്കേസിൽ പുഴൽ സെൻട്രല്‍ ജയിലിലായിരുന്ന രാജഗോപാലിനെ അസുഖം കൂടിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇദ്ദേഹത്തിന്‍റെ മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജി പരിഗണച്ച മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കി.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രാജഗോപാലിന് അവിടെ വച്ച് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഇന്ന് രാവിലെയോടെ രാജഗോപാല്‍ മരണപ്പെടുകയായിരുന്നു.
വെജിറ്റേറിയന്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് കീര്‍ത്തി കേട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലകളുടെ ഉടമയെന്ന നിലയില്‍ പ്രശസ്തനായ രാജഗോപാല്‍ തന്‍റെ ഹോട്ടലിലെ ജീവനക്കാരന്‍റെ മകളെ വിവാഹം കഴിക്കാന്‍ നടത്തിയ നെറികെട്ട നീക്കങ്ങളെ തുടര്‍ന്നാണ് ഇരുമ്പഴിക്കുള്ളിലായത്. 2001-ലാണ് കേസിന് ആസ്പദമായ സംഭവം.
ഒരു ജ്യോത്സ്യന്‍റെ ഉപദേശം കേട്ട് ഹോട്ടലിലെ ജീവനക്കാരന്‍റെ മകളായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ തീരുമാനിച്ചു. എന്നാല്‍ ജീവനക്കാരനും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക് വിവാഹം ചെയ്തു നല്‍കി. എന്നാല്‍ കല്ല്യാണം കഴിഞ്ഞിട്ടും ജീവജ്യോതിയെ വിട്ട് പോകാൻ ശാന്തകുമാറിനെ രാജഗോപാൽ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
ഒടുവിൽ ഭീഷണിക്ക് വഴങ്ങാതിരുന്ന ശാന്തകുമാറിനെ ഗുണ്ടകളെ വിട്ട് തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കൊടയ്ക്കനാലിൽവച്ചാണ് ശാന്തകുമാറിനെ രാജഗോപാലും സംഘവും കൊലപ്പെടുത്തിയത്. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും എന്ന ജ്യോത്സ്യന്‍റെ പ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

