എസ്എഫ്ഐ വീണ്ടും പ്രതിക്കൂട്ടിൽ:യൂണിയൻ ഓഫീസിലും ഉത്തരക്കടലാസുകൾ


തിരുവനന്തപുരം: ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയുടെ വീട്ടിൽ നിന്ന് സർവകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകൾ കണ്ടെത്തിയതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നതിനിടെ എസ്എഫ്ഐയ്ക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച് യൂണിയൻ ഓഫീസിലും ഉത്തരക്കടലാസുകൾ. ഓഫീസ് ഒഴിപ്പിക്കുന്നതിനിടെയാണ് ജീവനക്കാർ സർവ്വകലാശാല പരീക്ഷയ്ക്കുള്ള ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. ഉത്തരക്കടലാസുകളുടെ കെട്ടുകൾക്കൊപ്പം ബോട്ടണി വിഭാഗം മേധാവിയായ അസിസ്റ്റന്‍റ് പ്രൊഫസറുടെ സീലും ഇവിടെ നിന്ന് കണ്ടെത്തി.
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഓഫീസ് ഒഴിപ്പിക്കാൻ കോളജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഓഫീസ് ഒഴിപ്പിക്കുന്നതിനിടെയാണ് ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയത്.കോളജിലെ അക്രമസംഭവങ്ങൾക്ക് പിന്നാലെ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിനിടെയാണ് സർകലാശാലാ ഉത്തരക്കടലാസുകൾ ആദ്യം കണ്ടെത്തിയത്. കന്‍റോൺമെന്‍റ് പോലീസാണ് ഉത്തരകടലാസുകളുടെ കെട്ടുകൾ കണ്ടെത്തിയത്. ഒപ്പം സർവകലാശാലയിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെ‍യാണ് ഇപ്പോൾ യൂണിയൻ ഓഫീസിൽ നിന്നും ഉത്തരക്കടലാസുകൾ കണ്ടെടുത്തിരിക്കുന്നത്. നേരത്തെ, യൂണിയൻ ഓഫീസിന്‍റെ പ്രവർത്തനത്തിനായി നൽകിയ മുറി എസ്എഫ്ഐക്കാർ കൈവശപ്പെടുത്തുകയായിരുന്നു. പിന്നീട് ഇത് എസ്എഫ്ഐ യൂണിറ്റ് ഓഫീസ് ആക്കി മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. കാലങ്ങളായി എസ്എഫ്ഐ പ്രവർത്തകർ കൈവശം വച്ചിരുന്ന ഓഫീസിൽ യൂണിറ്റ് സെക്രട്ടറിക്ക് പ്രത്യേക മുറിയും, ഓഫീസിനുള്ളിൽ ഇടിമുറിയും ഉണ്ടായിരുന്നു. ഇവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പരിശോധനകൾ നടത്തുകയും ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. അഖിലിനെ കുത്തിയ ദിവസം നടന്ന പ്രതിഷേധങ്ങൾക്കിടെ വിദ്യാർഥികൾ ഈ ഓഫീസിലേക്ക് ഇരച്ച് കയറുകയും ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും മറ്റും പ്രതിഷേധക്കാർ എടുത്ത് മാറ്റുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ എല്ലാം പശ്ചാത്തലത്തിലാണ് യൂണിയൻ ഓഫീസ് ഒഴിപ്പിക്കാൻ ഔദ്യോഗിക തീരുമാനമായത്.
 
അതേ സമയം യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിന്‍റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ ബണ്ടിലു കണക്കിന് പരീക്ഷാ പേപ്പറുകൾ കണ്ടെത്തിയ സംഭവം അതീവഗൗരവതരമെന്ന് കേരള സർവകലാശാലാ വൈസ്ചാൻസലർ വി.പി.മഹാദേവൻ പിള്ള. സംഭവത്തിൽ കോളജ് അധികൃതർക്ക് വീഴ്ച സംഭവിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന പരീക്ഷകൾ പരിശോധിക്കുമെന്നും വൈസ്ചാൻസലർ വ്യക്തമാക്കിയിരുന്നു. അതിനിടെ, ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീൽ കണ്ടെത്തിയെന്ന വാർത്തകൾ അദ്ദേഹം പാടെ തള്ളി. സർവകലാശാലയിൽ നിന്ന് സീൽ നഷ്ടപെട്ടിട്ടില്ലെന്നും വിസി പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed