ചെന്നൈയിലേക്ക് ജല ട്രെയിനുകള്‍ പുറപ്പെടുന്നു; ഒരു ട്രിപ്പിന് റെയില്‍വേ ഈടാക്കുന്നത് 8.6 ലക്ഷം രൂപ
ചെന്നൈ: ജലക്ഷാമം രൂക്ഷമായ ചെന്നൈയ്ക്ക് തണ്ണീരുമായി ജല തീവണ്ടികൾ പുറപ്പെടുന്നു. ജോലാർപേട്ടയിൽ നിന്നാണ് തീവണ്ടികൾ പുറപ്പെടുന്നത്. 2.5 മില്യൺ ലിറ്റർ വെള്ളമാണ് 50 വാഗണുകളിലായി ഒരു ട്രിപ്പിൽ എത്തിക്കുക.
ഓരോ വാഗണിലും 55,000 ലിറ്റർ ജലമാണുള്ളത്. 204 കിലോമീറ്റർ താണ്ടി ചെന്നൈയിലെത്താൻ അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ എടുക്കും. ദിവസേന മൂന്നു ട്രിപ്പ് വീതമാണ് ജലമെത്തിക്കുക.
വില്ലിവാക്കത്തെ നോർത്ത് ജഗന്നാഥ് നഗറിലാണ് ജലം എത്തിക്കുന്നത്. ഒരു ട്രിപ്പിന് റെയിൽവെ ഈടാക്കുന്നത് 8.6 ലക്ഷം രൂപയാണ്. ഒരു ലിറ്റർ എത്തിക്കുന്നതിന് ഖജനാവിൽ നിന്ന് ചെലവാകുന്നത് 34 പൈസയാണ്. ചെന്നൈയിൽ എത്തുമ്പോൾ ആകെ എത്തിക്കുന്ന വെള്ളത്തിന്റെ 10 മുതൽ 15 ശതമാനം വരെ തുളുമ്പി പോകുമെന്നാണ് കണക്കാക്കുന്നത്.
വെല്ലൂർ ശുദ്ധജല വിതരണ പദ്ധതി പ്രകാരം ജോലാർപ്പേട്ടയ്ക്ക് അടുത്തുള്ള മേട്ടുചക്രകുപ്പത്തെ ടാങ്കിൽ നിന്ന് 2.5 കിലോമീറ്റർ പൈപ്പ് സ്ഥാപിച്ചാണ് വെള്ളം ട്രെയിനിലെ വാഗണുകളിലേക്ക് എത്തിക്കുന്നത്.

