അപ്പാർ‍ട്ട്‌മെന്റിന്റെ രണ്ടു ബ്ലോക്കുകളുടെ ഭിത്തിക്കിടയിൽ പെൺകുട്ടിയുടെ മൃതദേഹം


നോയി‍ഡ:യുപിയിൽ ഒരു അപ്പാർ‍ട്ട്‌മെന്റിന്റെ രണ്ടു ബ്ലോക്കുകളുടെ ഭിത്തിക്കിടയിൽ കുടുങ്ങിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. തറനിരപ്പിൽ നിന്ന് 120 അടി ഉയരത്തിൽ കെട്ടിടത്തിന്റെ സി, ഡി ബ്ലോക്കുകൾക്കിടയിൽ ഒന്നരയടി മാത്രം വീതിയുള്ള ഭാഗത്ത്‌ ഭിത്തിക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. അമ്രപാലി സിലിക്കൺ സൊസൈറ്റിയിൽ വീട്ടുജോലിക്കു നിൽക്കുന്ന ബിഹാർ കാതിഹർ സ്വദേശിയായ പത്തൊൻപതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

സൊസൈറ്റിയിൽ ദന്പതികളുടെ വീട്ടിൽ ജോലിക്കു നിൽക്കുകയായിരുന്നു പെൺകുട്ടി. ജൂൺ 28 മുതൽ ഇവരെ കാണാതായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്നു നടത്തി പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. സ്വകാര്യ ആവശ്യങ്ങൾ‍ക്കായി ഹരിയാനയിലെ ഗുഡ്ഗാവിൽ പോയിരുന്ന ദന്പതികൾ വിവരം അറിഞ്ഞ് തിരിച്ചെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

ചീർത്തും പരിക്കേറ്റും വികൃതമായ നിലയിലായിരുന്നു മൃതദേഹം. ദേശീയ ദുരന്തനിവാരണ സംഘം രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് മൃതദേഹം പുറത്തെത്തിച്ചത്. കെട്ടിടത്തിന്റെ സി, ഡി ബ്ലോക്കുകൾക്കിടയിൽ കുടുങ്ങിയ നിലയിലുള്ള മൃതദേഹം റോപ്പുപയോഗിച്ച് താഴെയിറക്കുകയായിരുന്നു. ഒന്നരയടി മാത്രം വീതിയുണ്ടായിരുന്നതിനാൽ ഭിത്തി ചെറുതായി മുറിച്ചുമാറ്റിയതിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. ദുരന്തനിവാരണ സേനയുടെ 35 അംഗ സംഘമാണ് ഇതിൽ പങ്കെടുത്തത്. 

അതേസമയം, പെൺകുട്ടിക്കെന്താണു സംഭവിച്ചതെന്ന് അറിയാൻ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. എങ്ങനെയാണ് മൃതദേഹം അവിടെത്തിയതെന്നും അന്വേഷിക്കും. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed