വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ


ശ്രീനഗർ: കശ്മീർ സന്ദർശനത്തിനിടെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അർഷാദ് അഹമ്മദ് ഖാൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകൻ ഉബ്ബാൻ ഖാൻ എന്ന അഞ്ചു വയസുകാരനെ ആശ്വസിപ്പിക്കാനും കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹം സമയം കണ്ടെത്തി. ജമ്മു കശ്മീരിലെ അനന്തനാഗിൽ ജൂൺ 12 ന് നടന്ന ഭീകരാക്രമണത്തിലാണ് അർഷാദ് അഹമ്മദ് ഖാൻ വീരമൃത്യു വരിച്ചത്. അർഷാദ് അഹമ്മദ് ഖാൻ വീരമൃത്യു വരിച്ചത് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും നിരവധി പേരുടെ ജീവൻ രക്ഷിക്കുന്നതിനും ആയിരുന്നുവെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ധീരതയിൽ രാജ്യം അഭിമാനിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

സി.ആർ.പി.എഫ് സംഘത്തിനുനേരെ ഭീകരർ നടത്തിയ ആക്രമണത്തിനിടെയാണ് അർഷാദ് ഖാൻ കൊല്ലപ്പെട്ടത്. സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്നു. അദ്ദേഹത്തോടൊപ്പം അഞ്ച് സി.ആർ.പി.എഫ് ജവാന്മാരും വീരമൃത്യു വരിച്ചിരുന്നു. സി.ആർ.പി.എഫ് വാഹനത്തിനുനേരെ ഗ്രനേഡ് ആക്രമണം ഉണ്ടായതോടെ ഭീകരരെ നേരിടാൻ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തിനുനേരെ വെടിവെപ്പുണ്ടായി. നിരവധി വെടിയുണ്ടകൾ ഏറ്റുവെങ്കിലും നിലത്തുവീഴും മുമ്പ് ഭീകരരെ വെടിവെച്ചു വീഴ്ത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലും പിന്നീട് രാജ്യതലസ്ഥാനത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed