ചന്ദ്രബാബു നായിഡുവിന്‍റെ ആഡംബര കെട്ടിടം പൊളിച്ചു നീക്കി ജഗൻമോഹൻ
അമരാവതി: മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ടുകോടി രൂപ ചിലവഴിച്ചു നിർമ്മിച്ച കെട്ടിടം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി പൊളിച്ചു നീക്കി. വസതിക്കു സമീപത്തായി പണികഴിപ്പിച്ച 'പ്രജാവേദിക' എന്ന പേരിലുള്ള കോണ്‍ഫറൻസ് ഹാളാണ് പൊളിച്ചു നീക്കിയത്.മുഖ്യമന്ത്രിയായിരുന്ന സമയത്ത് താൻ ഉപയോഗിച്ചിരുന്ന ഹാൾ പ്രതിപക്ഷനേതാവിന്‍റെ അനക്സ് ആയി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നായിഡു ജഗനോട് അഭ്യർഥിച്ചിരുന്നെങ്കിലും, അപേക്ഷ നിരസിച്ച ജഗൻ കെട്ടിടം പൊളിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയായിരുന്നു.
ഹൈദരാബാദിൽ നിന്ന് അമരാവതിയിലേക്ക് ഭരണകേന്ദ്രം മാറ്റിയതിനെ തുടർന്ന് 2016 മുതൽ കൃഷ്ണ നദീ തീരത്തുള്ള വസതിയിലാണ് നായിഡു താമസിച്ചത്. വസതിയോടു ചേർന്നു നിർമ്മിച്ച ഹാൾ പാർട്ടി യോഗങ്ങളുൾപ്പെടെ ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടി നായിഡു ഉപയോഗിച്ചിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനുവേണ്ടി നായിഡു വിദേശത്തു പോയസമയത്താണ് സർക്കാർ കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്.യാത്രയ്ക്കു ശേഷം ചൊവ്വാഴ്ച തിരിച്ചെത്തിയ നായിഡു ജഗന്‍റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ജഗൻ പറയുന്നതനുസരിച്ചാണെങ്കിൽ നിരവധി പ്രതിമകളും മറ്റ് നിർമാണങ്ങളുമെല്ലാം നിരവധി സ്ഥലങ്ങളിൽ അനാവശ്യമായുണ്ട്. ജഗന്‍റെ പിതാവിന്‍റെ പ്രതിമയും നീക്കം ചെയ്യേണ്ടി വരുമെന്നും നായിഡു പറഞ്ഞു.
നേരത്തെ, നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടം സർക്കാർ പൊളിച്ചുനീക്കുന്നു എന്നതാണ് ഇക്കാര്യത്തിൽ ജഗൻ നൽകിയ വിശദീകരണം. ചട്ടവിരുദ്ധമായി കെട്ടിടം പണികഴിപ്പിച്ചാൽ അത് പൊളിച്ചു നീക്കുകയെന്നതു സ്വഭാവികമായ നടപടിക്രമം മാത്രമാണെന്നും ജഗൻ പറഞ്ഞിരുന്നു.

