ഡല്‍ഹി മെട്രോ നഷ്‌ടത്തിലാണ്: ഇ. ശ്രീധരന് മറുപടിയുമായി മനീഷ് സിസോദിയ
ന്യൂഡല്‍ഹി: മെട്രോമാന്‍ ഇ.ശ്രീധരന് മറുപടിയുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി.സ്ത്രീകള്‍ക്ക് ഡല്‍ഹി മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കാനുള്ള അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സിസോദിയ രംഗത്തെത്തിയത്. ഡല്‍ഹി മെട്രോ ഇപ്പോള്‍ തന്നെ നഷ്ടത്തിലാണെന്നും അതിനെ കരകയറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും സിസോദിയ പറഞ്ഞു.
'ഞാന്‍ ശ്രീധരന്‍ സാഹിബിന് കത്തെഴുതിയിട്ടുണ്ട്. ഡല്‍ഹി മെട്രോ നഷ്ടത്തിലാണ് ഓടുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ദിവസം 40 ലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷിയാണ് മെട്രോയ്ക്കുള്ളത്. പക്ഷേ നിലവില്‍ വെറും 25 ലക്ഷം യാത്രക്കാരെ മാത്രമാണ് കൊണ്ടുപോകുന്നത്.' സിസോദിയ മാദ്ധ്യമങ്ങളോടു പറഞ്ഞു.
സ്ത്രീകള്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര അനുവദിയ്ക്കുന്നത് മെട്രോയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിയ്ക്കാനുള്ള ഞങ്ങളുടെ നിര്‍ദേശം മെട്രോക്ക് ഗുണകരമാകും. അതില്‍ കൂടുതല്‍ ആളുകള്‍ കയറുകയും ചാര്‍ജ് കുറയുകയും ചെയ്യും. സ്ത്രീ യാത്രയ്ക്കാരുടെ ചെലവ് ഡല്‍ഹി സര്‍ക്കാര്‍ വഹിക്കുകയാണെങ്കില്‍ മെട്രോയ്ക്ക് സന്തോഷമാകും.' അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനംഡല്‍ഹി മെട്രോയെ കടക്കെണിയിലെത്തിക്കുമെന്നും തീരുമാനം നടപ്പിലാക്കാന്‍ അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇ. ശ്രീധരന്‍ കത്ത് അയച്ചിരുന്നു. ഡല്‍ഹി സര്‍ക്കാരിനും കേന്ദ്രത്തിനും തുല്യ പങ്കാളിത്തമുള്ള ഡി.എം.ആര്‍.സിയില്‍ ഒരാള്‍ക്ക് മാത്രം ഏകപക്ഷീയമായ തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും മെട്രോയുടെ ആദ്യത്തെ ഘട്ടം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ത്തന്നെ ഒരു വിധത്തിലുള്ള സൗജന്യ യാത്രയും അനുവദിക്കാന്‍ പാടില്ലെന്ന് നിശ്ചയിച്ചിരുന്നതാണെന്നും ഇ. ശ്രീധരന്‍ പറഞ്ഞിരുന്നു.

