ബംഗാളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണച്ച് പണിമുടക്ക് ആരംഭിച്ചു; എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ സമരത്തില്‍
കൽക്കത്ത: പശ്ചിമ ബംഗാളില്‍ സമരത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ മറ്റിടങ്ങളിലും സമരം വ്യാപിക്കുന്നു. എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ പണിമുടക്ക് ആരംഭിച്ചു. ഇവരെ കൂടാതെ പട്നയിലേയും റായ്പൂരിലേയും രാജസ്ഥാനിലെയേും പഞ്ചാബിലേയും വിവിധ ആശുപത്രിയിലെ ഡോക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സമരം അഞ്ചാംദിവസത്തിലേക്ക് കടന്ന വേളയിലാണ് ഇവര്‍ക്ക് പിന്തുണയുമായി കേരളത്തിലെയടക്കം ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്. ‘ഞങ്ങള്‍ക്ക് നീതി വേണം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എയിംസ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സമരത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് സമരം ശക്തിപ്പെടുത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനം. സമരം അവസാനിപ്പിച്ച് നാല് മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം കടുത്ത നടപടിയിലേക്ക് കടക്കുമെന്നായിരുന്നു മമതയുടെ മുന്നറിയിപ്പ്.
എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചത് എന്ന് ആരോപിച്ചാണ് മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചത്.

