കൊച്ചി− ദുബൈ എയർ ഇന്ത്യ ‘ഡ്രീംലൈനർ’ സർവ്വീസ് ജൂലൈ മുതൽ പുനഃരാരംഭിക്കും
കൊച്ചി: കൊച്ചിയിൽ നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെ വലിയ വിമാനമായ ഡ്രീംലൈനർ ജൂലൈ ഒന്നുമുതൽ സർവ്വീസ് പുനഃരാരംഭിക്കും. ഇക്കഴിഞ്ഞ മാർച്ച് 13ന് നിർത്തിവെച്ച സർവ്വീസുകളാണ് പുനഃരാരംഭിക്കുന്നത്.
കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ ഏക ഡ്രീംലൈനർ വിമാന സർവീസാണ് നെടുന്പാശ്ശേരി കേന്ദ്രീകരിച്ച് പറന്നിരുന്നത്. വിമാനജീവനക്കാരുടെ ജോലിസമയം നീണ്ടുവെന്ന കാരണം പറഞ്ഞാണ് ആദ്യം മാർച്ച് 13 മുതൽ ഏപ്രിൽ അവസാനംവരെ ഡ്രീംലൈനറിന്റെ കൊച്ചിയിലേക്കുള്ള യാത്ര അവസാനിപ്പിച്ചത്. പകരം എ−320 നിയോ ടൈപ്പ് വിമാനം പറന്നുതുടങ്ങി. ഇതോടെ നിത്യവും ദുബൈ നെടുന്പാശ്ശേരി പാതയിൽമാത്രം 94 യാത്രക്കാരുടെ അവസരമാണ് നഷ്ടമായത്. ഡ്രീംലൈനറിന്റെ അറ്റകുറ്റപ്പണിക്കുള്ള സംവിധാനം ഡൽഹി വിമാനത്താവളത്തിൽമാത്രമേയുള്ളൂവെന്നതും സർവ്വീസ് ചുരുക്കാനുള്ള മറ്റൊരു കാരണമായി എയർ ഇന്ത്യ പറഞ്ഞിരുന്നു.
പുലർച്ചെ 5.10ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് എട്ടുമണിയോടെ നെടുന്പാശ്ശേരിയെത്തുന്ന ഡ്രീംലൈനർ തുടർന്ന് 9.15ന് ദുബൈയിലേക്ക് പറക്കും. ഉച്ചയ്ക്ക് 12.10നെത്തുന്ന ആ വിമാനം 1.35ന് നെടുന്പാശ്ശേരിയിലേക്ക് തിരിച്ചു പറക്കും. വൈകീട്ട് 6.50ന് അവിടെയെത്തുന്ന വിമാനം രാത്രി 8.15ന് ഡൽഹിയിലേക്ക് പോകുന്ന രീതിയിലായിരുന്നു സർവീസ്. രാത്രി 11.20ന് ഡൽഹിയിലുമെത്തും.

