സി.ഐ നവാസിന്റെ തിരോധാനം: സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു


 

കൊച്ചി: കൊച്ചിയിൽ നിന്ന് കാണാതായ എറണാകുളം സെൻട്രൽ പോലീസ് േസ്റ്റഷൻ സിഐ വി.എസ് നവാസിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കാണാതായ ദിവസം രാവിലെ തേവരയിലെ എ.ടി.എമ്മിൽ നിന്ന് 10,000 രൂപ നവാസ് പിൻവലിച്ചിരുന്നു. ഇതിനുശേഷം മറ്റൊരു പോലീസുകാരന്‍റെ വാഹനത്തിൽ നവാസ് കായംകുളം വരെ എത്തി. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ലഭിച്ചത്. 

 

സി.ഐയെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് അറിയിച്ചു. എറണാകുളം അസിസ്റ്റന്‍റ് കമ്മീഷണറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ നവാസിന്‍റെ തിരോധാനത്തിനു പിന്നിലുണ്ടെന്നാണു സൂചന. ഇതു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 

ബസിൽവച്ച് നവാസിനെ കണ്ട പോലീസുകാരൻ ചേർത്തലയിൽ നിന്ന് കായംകുളത്തേക്കു വാഹനത്തിൽ ഒപ്പം കൂട്ടുകയായിരുന്നു. കോടതിയാവശ്യത്തിന് പോകുന്നതായാണ് പോലീസുകാരനോടു നവാസ് പറഞ്ഞത്. ഇതിനുശേഷം നവാസിനെക്കുറിച്ച് ഒരു വിവരവും ഇല്ല.

താൻ 10 ദിവസത്തെ ഒരു യാത്രയ്ക്ക് പോവുകയാണെന്നു നവാസ് പോലീസ് ഡ്രൈവറോട് പറഞ്ഞിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധിക്കുന്നില്ല. മാത്രമല്ല ഇദ്ദേഹം സിം കാർഡ് മാറ്റിയിട്ടുമുണ്ടെന്നു പോലീസ് അറിയിച്ചു.

 നവാസിന്‍റെ ഭാര്യയാണു തിരോധാനം സംബന്ധിച്ചു പോലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച പുലർച്ചെ മുതൽ നവാസിനെ കാണാനില്ലെന്നാണു പരാതി. എറണാകുളം സൗത്ത് പോലീസാണു കേസ് അന്വേഷിക്കുന്നത്. മേലുദ്യോഗസ്ഥരും നവാസും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെന്നും ഇതിന്‍റെ ഭാഗമായി അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു.

വ്യാഴാഴ്ച രാത്രി സ്റ്റേഷനിൽ എത്തിയ നവാസ് തന്‍റെ ഒദ്യോഗിക ഫോണ്‍ നന്പറിന്‍റെ സിം കാർഡ് കീഴുദ്യോഗസ്ഥനു നൽകിയശേഷമാണ് അപ്രത്യക്ഷമായത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ചു മാരാരിക്കുളം സർക്കിളിൽനിന്നാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്കു നവാസ് എത്തിയത്. കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലേക്കു നവാസിനെ സ്ഥലംമാറ്റിയിരുന്നു. വ്യാഴാഴ്ച മട്ടാഞ്ചേരി സിഐ ആയി ചുമതലയേൽക്കേണ്ടിയിരുന്നുവെങ്കിലും നവാസ് റിപ്പോർട്ട് ചെയ്തില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed