രാജ്യത്ത് വർഗീയതയെന്ന രോഗം പറിച്ചു കളയാൻ നരേന്ദ്ര മോദിക്ക് സാധിച്ചു: മുഖ്താർ അബ്ബാസ് നഖ്‍വി


ന്യൂഡൽഹി:  രാജ്യത്ത് വർഗീയതയെന്ന രോഗം പറിച്ചു കളയാൻ നരേന്ദ്ര മോദിക്ക് സാധിച്ചെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വി. മൗലാന ആസാദ് എഡ്യുക്കേഷൻ ഫൗണ്ടേഷന്റെ 65ാം ജനറൽ ബോഡിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വർഗീയതയുടെയും പ്രീണനത്തിന്റെയും രാഷ്ട്രീയത്തിന് പകരം ആരോഗ്യകരമായ, എല്ലാവരെയും കൂടെ നിര്‍ത്തിക്കൊണ്ടുള്ള വളർച്ചയാണ് മോദി പരിചയപ്പെടുത്തിയത്. നീതിയുടെയും തുല്യതയുടെയും സമഗ്രതയുടെയും സർക്കാറാണ് മോദി സർക്കാർ. ജനങ്ങളുടെ വിശ്വാസത്തിലൂന്നിയ, സമന്വയത്തിന്റെ രാഷ്ട്രീയമാണ് ഇതിന്റെ പ്രത്യേകതയെന്നും നഖ്‍വി പറഞ്ഞു.

article-image

ന്യൂനപക്ഷ വിദ്യാർഥിനികൾ സ്കൂളുകളിൽ നിന്നും പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് പോകുന്നത് തടയിടാൻ മാർഗം കണ്ടെത്തണം. രാജ്യത്തെ ഉന്നത കലാലയങ്ങളിൽ നിന്നും ‘ബ്രിഡ്ജ് കോഴ്സുകൾ’ ഇതിനായി ആരംഭിക്കും. മദ്രസ അധ്യാപകരെ മുഖ്യധാര വിദ്യഭ്യാസവുമായി ബന്ധിപ്പിക്കുന്നതിനുള്ള ട്രെയ്നിങ് അടുത്ത മാസത്തോടെ തുടങ്ങുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ സാമൂഹ്യമായും വിദ്യഭ്യാസപരമായും ഉയർത്തിക്കൊണ്ട് വരുന്നതിനായി ‘3 E’ -എഡ്യുക്കേഷൻ, എംബ്ലോയിമന്റ്, എംപവർമെന്റ്- നയമാണ് സർക്കാർ പിന്തുടരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷങ്ങൾക്ക് വിവിധ മത്സര പരീക്ഷകളിലേക്കുള്ള സൗജന്യ പരിശീലനം നൽകാനും സർക്കാർ മുൻകയ്യെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed